ന്യൂഡൽഹി :പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭാരതീയ ജനത പാർട്ടി അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മമത ബാനർജിയുടെ സംസ്ഥാനം സ്‌ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് ജെപി നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂരിലെ ചോപ്രയിൽ സ്‌ത്രീയെ ആക്രമിക്കുന്ന വീഡിയോ പുറത്തായതോടെയാണ് വിമര്‍ശനം.
'പശ്ചിമ ബംഗാളിൽ നിന്ന് പുറത്തുവന്ന ഒരു ഭയാനകമായ വീഡിയോ മതാധിപത്യ രാജ്യങ്ങളില്‍ മാത്രം നിലനിൽക്കുന്ന ക്രൂരതകളെ ഓർമിപ്പിക്കുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, ടിഎംസി കേഡറും എംഎൽഎമാരും ഈ പ്രവൃത്തിയെ ന്യായീകരിക്കുന്നു. സന്ദേശ്ഖാലിയോ ഉത്തർ ദിനാജ്‌പൂരോ മറ്റ് പല സ്ഥലങ്ങളോ ആകട്ടെ, ദീദിയുടെ സംസ്ഥാനം സ്‌ത്രീകൾക്ക് സുരക്ഷിതമല്ല,' നദ്ദ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
ഉത്തർ ദിനാജ്‌പൂർ ജില്ലയിലെ ഇസ്‌ലാംപൂർ പ്രദേശത്തെ ചോപ്രയിൽ ഒരാൾ സ്‌ത്രീയെ മർദിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് ഞായറാഴ്‌ച സ്വമേധയാ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായ പ്രതി തജ്‌മുൽ ഹഖിനെ ഇന്ന് ഇസ്‌ലാംപൂരിലെ എസിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒരു പുരുഷൻ സ്‌ത്രീയേയും മറ്റൊരു പുരുഷനെയും മുളവടികൾ കൊണ്ട് അടിക്കുമ്പോള്‍ കാണികൾ കൂട്ടംകൂടി നിന്ന് സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് വീഡിയോയിൽ കാണാം. 'ഇന്ത്യൻ സഖ്യ രാഷ്‌ട്രീയം പ്രീണനത്തിൽ കെട്ടിപ്പടുത്തിരിക്കുന്നതിനാൽ, അതിനർഥം നിയമങ്ങളോ ഭരണഘടനാപരമായ അവകാശങ്ങളോ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ബാധകമല്ല എന്നാണോ'യെന്നും ജെപി നദ്ദ കൂട്ടിചേര്‍ത്തു.
ALSO READ:'വെട്ടിയും തിരുത്തിയും പകര്‍ത്തിയുമെഴിതിയവ': പുതിയ ക്രിമിനല്‍ നയങ്ങള്‍ക്കെതിരെ പി ചിദംബരം