ന്യൂഡല്‍ഹി:2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണ ഗാനം 'വീണ്ടുമൊരിക്കല്‍ കൂടി മോദി സര്‍ക്കാര്‍'(ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍) പുറത്തിറക്കി.(BJP released election campaign anthem Phir eK baar Modi sarkar'). ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിലാണ് ഗാനം പുറത്തിറക്കിയത്.
24 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ഗാനത്തിന്‍റെ വരികള്‍ തയാറാക്കിട്ടുണ്ട്. മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ സമൂഹത്തിലും വിവിധ മേഖലകളിലും കൊണ്ടു വന്ന വികസനം പ്രമേയമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'ഫിർ ഏക് ബാർ മോദി സർക്കാർ' എന്ന പ്രചാരണ മുദ്രാവാക്യം 2024 ജനുവരിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപിച്ചത്.
ടൈറ്റിൽ ഗാനത്തിന്‍റെ പ്രകാശനത്തോടെ ബിജെപിയുടെ ഡിജിറ്റൽ പ്രചാരണത്തിന് കൂടിയാണ് തുടക്കമായിരിക്കുന്നത്. ഏക് ബാര്‍ ഫിർസെ മോദി സർക്കാർ എന്ന വെബ്‌സൈറ്റും പാർട്ടി പുറത്തിറക്കി.
ധീരവും ദൂരവ്യാപകവുമായ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ച ദശകമാണ് കഴിഞ്ഞുപോയതെന്നും നൂറ്റാണ്ടുകാളായി മുടങ്ങിക്കിടന്നിരുന്ന പല ജോലികളും സര്‍ക്കാര്‍ തീര്‍ത്തുവെന്നും ഞായറാഴ്‌ച ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്‌നമാണ് അയോധ്യ രാമക്ഷേത്രം പണിയുന്നതിലൂടെ ഞങ്ങൾ നിറവേറ്റിയത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ആർട്ടിക്കിൾ 370 ഒഴിവാക്കി. 'രാജ്‌പഥിനെ' 'കർത്തവ്യ പഥ്' ആക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന് ശേഷം ആറ് ദശാബ്‌ദങ്ങൾ വേണ്ടിവന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം 'ഒരു റാങ്ക്, ഒരു പെൻഷൻ' എന്ന ആവശ്യം ഞങ്ങളുടെ സർക്കാർ നടപ്പിലാക്കി'- പ്രധാനമന്ത്രി പറഞ്ഞു.
'പാർലമെന്‍റിലും സ്റ്റേറ്റ് അസംബ്ലികളിലും സ്‌ത്രീകൾക്ക് കൂടുതൽ സംവരണം ഉറപ്പാക്കുന്ന നിയമം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഞങ്ങൾ കൊണ്ടുവന്നു. മുസ്ലിംകൾക്കിടയിലുണ്ടായിരുന്ന മുത്തലാഖ് സമ്പ്രദായത്തിന് അറുതി വരുത്താനുള്ള നിയമം നടപ്പിലാക്കാനും ഞങ്ങള്‍ ധൈര്യം കാണിച്ചു. പലരുടെയും ദീർഘകാല ആവശ്യമായിരുന്നു പുതിയ പാർലമെന്‍റ് മന്ദിരം. അതും നിറവേറ്റിയത് നമ്മുടെ സർക്കാരാണ്.'
കഴിഞ്ഞ ദശകത്തിലെ ഈ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഭാഗ്യമുണ്ടായി എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദേശീയ കൗണ്‍സിലിന്‍റെ ഉദ്ഘാടന ദിനത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി 'വികസിത് ഭാരത്' എന്ന പേരിൽ ബിജെപി പ്രമേയം പാസാക്കിയിരുന്നു. മൂന്നാം തവണയും ബിജെപി അധികാരത്തിൽ തിരികെയെത്തുമെന്നും വികസനത്തിനും ക്ഷേമത്തിനുമായുള്ള റോഡ്‌മാപ്പ് പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രമേയത്തില്‍ പറയുന്നു.