ന്യൂഡല്‍ഹി : സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം മോദിയുടെ കുടുംബം(മോദി കാ പരിവാര്‍) എന്ന് കൂടെ ചേര്‍ത്ത് ബിജെപി നേതാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരടക്കം പേരുകള്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് മോദിക്ക് മേല്‍ നടത്തിയ കടന്നാക്രമണത്തിന് പിന്നാലെയാണ് പേരിലെ മാറ്റം. (Senior BJP leaders added the tag ‘Modi ka Parivar’ on their social media accounts)
ഞായറാഴ്‌ച(03-04-2024) പട്‌നയില്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ റാലിയിലായിരുന്നു ലാലുവിന്‍റെ അധിക്ഷേപ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടിയിലെ കുടുംബ രാഷ്‌ട്രീയത്തെ വിമര്‍ശിച്ച മോദിക്ക് കുടുംബം ഇല്ലായെന്ന തരത്തിലാണ് ലാലുപ്രസാദ് കടന്നാക്രമിച്ചത്. ഇതിന് മറുപടിയായി മോദി തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങളും എന്‍റെ കുടുംബമാണ് എന്നായിരുന്നു മോദിയുടെ മറുപടി.'എന്‍റെ രാജ്യമാണ് എന്‍റെ കുടുംബം. രാജ്യത്തെ 140 കോടി പൗരന്മാരുമായി ഊഷ്മളമായ ബന്ധമാണ് ഞാൻ പങ്കിടുന്നത്, അവരാണ് എന്‍റെ കുടുംബം'- തെലങ്കാനയില്‍ ഒരു പൊതു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
'എന്‍റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. രാജ്യത്തെ 140 കോടി ജനങ്ങളും എന്‍റെ കുടുംബമാണ്. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് അമ്മമാരും പെൺമക്കളും സഹോദരിമാരും മോദിയുടെ കുടുംബമാണ്. രാജ്യത്തെ എല്ലാ പാവപ്പെട്ടവനും എന്‍റെ കുടുംബമാണ്. ആരുമില്ലാത്തവർ മോദിയുടേതാണ്, മോദി അവരുടേതുമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.