ന്യൂഡൽഹി: കോൺഗ്രസ് പ്രകടന പത്രികയിൽ രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്‌ലൻഡിൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള ചിത്രങ്ങളാണുള്ളതെന്ന് ബിജെപിയുടെ പരിഹാസം. ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് രംഗത്ത് വന്നത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക വെള്ളിയാഴ്‌ചയാണ് കോൺഗ്രസ് പുറത്തിറക്കിയത്. പരിസ്ഥിതി വിഭാഗത്തിന് കീഴിൽ രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്‌ലൻഡിൽ നിന്നുള്ള ചിത്രമാണ് നൽകിയിരിക്കുന്നത്. ആരാണ് ഇതെല്ലാം പ്രകടന പത്രികയിൽ ഇടുന്നതെന്ന് ത്രിവേദി ചോദിച്ചു.
'കോൺഗ്രസ് പ്രകടനപത്രികയിൽ വാട്ടര്‍ മാനേജ്മെന്‍റിന്‍റെ ചിത്രമുണ്ട്. ഈ ചിത്രം ന്യൂയോർക്കിലെ ബഫല്ലോ നദിയുടെതാണ്. 'ബഫല്ലോ'യെ ഹിന്ദിയിൽ ഭായിൻസ് എന്നാണ് വിളിക്കുന്നത്. ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുണ്ട്: 'അകൽ ബഡി യാ ഭായിൻസ്?' (ജ്ഞാനമാണോ വലുത് അതോ എരുമയാണോ?)'-ത്രിവേദി പരിഹസിച്ചു.
'ഈ സാഹചര്യത്തിലും ആരും വിവേകം കാണിച്ചതായി ഞാൻ കരുതുന്നില്ല. അവരുടെ സോഷ്യൽ മീഡിയ ചെയർപേഴ്‌സന്‍റെ ട്വിറ്ററിൽ നിന്ന് ആരാണ് ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്താൻ പോലും അവർക്ക് ഇത്‌വരെ കഴിഞ്ഞിട്ടില്ല. പക്ഷേ ആരാണ് അവർക്ക് ഈ ചിത്രം അയച്ചത്?'- ത്രിവേദി ചോദിച്ചു.