ന്യൂഡൽഹി: ഝാർഖണ്ഡില്‍ ഓൾ ഝാർഖണ്ഡ് സ്‌റ്റുഡന്‍റ്സ് യൂണിയനുമായി (എജെഎസ്‌യു) സഖ്യം പ്രഖ്യാപിച്ച് ബിജെപി. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഝാർഖണ്ഡിലെ സീറ്റ് ഫോർമുലയും ബിജെപി പ്രഖ്യാപിച്ചു. ബിജെപി 13 സീറ്റിലും എജെഎസ്‌യു ഒരു സീറ്റിലുമാണ് മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എക്‌സില്‍ കുറിച്ചു.
'എജെഎസ്‌യുവുമായുള്ള സഖ്യത്തിന് പിന്നാലെ ബിജെപി ഝാർഖണ്ഡിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലും എജെഎസ്‌യു ഗിരിദിഹ് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കാന്‍ തീരുമാനിച്ചു. ഝാർഖണ്ഡിലെ സഖ്യ സ്ഥാനാർത്ഥികൾ ചേര്‍ന്ന് ജൂൺ നാലിന്, 400 സീറ്റുകൾ കടക്കുകയെന്ന ലക്ഷ്യം കൈവരിക്കും. വികസിത ഇന്ത്യ, സ്വാശ്രയ ഇന്ത്യ, കഴിവുറ്റ ഇന്ത്യ എന്ന നരേന്ദ്ര മോദിജിയുടെ ദൃഢനിശ്ചയത്തെ സഖ്യം ശക്തിപ്പെടുത്തും'- അരുൺ സിങ് എക്‌സിൽ കുറിച്ചു.
81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ ഭരണകക്ഷിയായ യുപിഎയ്ക്ക് 47 എംഎൽഎമാരാണുള്ളത്. ജെഎംഎം 29, കോൺഗ്രസ് 17, ആർജെഡി 1 എന്നിങ്ങനെയാണ് അംഗങ്ങള്‍. ബിജെപിക്ക് 26 അംഗങ്ങളും എജെഎസ്‌യു പാർട്ടിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. എൻസിപിക്കും സിപിഐക്കും(എംഎൽ) ഓരോ നിയമസഭാംഗങ്ങളും രണ്ട് സ്വതന്ത്രരുമുണ്ട്.