കേരളം

kerala

ETV Bharat / bharat

ഹിന്ദി ഹൃദയഭൂമിയില്‍ കനത്ത പ്രഹരമേറ്റു; ഇന്ത്യ സഖ്യത്തിന് മുന്നില്‍ വിറച്ച് ബിജെപി - BJP LS POLL 2024 RESULT - BJP LS POLL 2024 RESULT

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് തിരിച്ചടി. 400 സീറ്റില്‍ വിജയിക്കുമെന്ന കണക്കുകൂട്ടല്‍ അമ്പേ പിഴച്ചു. പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, യുപി എന്നിവിടങ്ങളില്‍ കനത്ത തിരിച്ചടിയാണേറ്റത്.

LOK SABHA ELECTION 2024  ബിജെപി പ്രഭാവം അസ്‌തമിക്കുന്നു  ലോക്‌സഭ തെരഞ്ഞടുപ്പ് 2024  BJP FALLS SHORT OF MAJORITY
Lok Sabha Election Result (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 6:23 PM IST

ന്യൂഡല്‍ഹി :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെള്ളം കുടിപ്പിച്ച് ഇന്ത്യാമുന്നണിയുടെ മികച്ച പ്രകടനം. 400 സീറ്റുകളില്‍ വിജയിക്കാനാകുമെന്നായിരുന്നു ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതീക്ഷ. എന്നാല്‍ കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഘടകക്ഷികളെ പാളയത്തില്‍ ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേവല ഭൂരിപക്ഷം നേടി ഭരണത്തിലേറിയ ബിജെപി, ഇത്തവണ വന്‍മുന്നേറ്റം പ്രതീക്ഷിച്ച ചില സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി.

ഉത്തര്‍പ്രദേശിലെ ഇന്ത്യാമുന്നണിയുടെ മുന്നേറ്റം ബിജെപിക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അയോധ്യയിലെ രാമക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിലൂടെ യുപിയാകെയും ഹിന്ദി ഹൃദയഭൂമി പൊതുവായും പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ യുപിയില്‍ എസ്‌പി-കോണ്‍ഗ്രസ് സഖ്യത്തോട് അടിതെറ്റി ബിജെപി പകുതിയോളം സീറ്റുകളില്‍ മാത്രമായൊതുങ്ങി.

പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും മുന്നണിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. പശ്ചിമബംഗാളില്‍ ടിഎംസിയെ പരാജയപ്പെടുത്തി വിജയിക്കാനാകുമെന്ന എന്‍ഡിഎയുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണേറ്റത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കി. 32 സീറ്റുകളില്‍ ടിഎംസി മുന്നേറുമ്പോള്‍ വെറും 9 സീറ്റുകളാണ് ബിജെപി അനുകൂലമായിട്ടുള്ളത്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റില്‍ മാത്രമാണ് ലീഡ്.

ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക്‌ ബാനര്‍ജിയുടെ മത്സരവും ബിജെപിക്ക് വെല്ലുവിളിയായി. ഡയമണ്ട് ഹാര്‍ബറില്‍ മത്സരിച്ച അഭിഷേക് 2.11 ലക്ഷത്തിന് മുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം കൃഷ്‌ണനഗറില്‍ മഹുവ മൊയ്‌ത്രയുടെ വിജയം പരിങ്ങലിലാണെന്നാണ് സൂചന. ബിജെപിയുടെ അമൃത റോയ്‌യാണ് കൃഷ്‌ണ നഗറില്‍ ലീഡ് ചെയ്യുന്നത്.

മഹാരാഷ്‌ട്രയിലും ബിജെപിക്ക് ഇത്തവണ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 48 ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപിക്ക് 12 സീറ്റുകളാണ് അനുകൂലമായിട്ടുള്ളത്. ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേന 7 സീറ്റുകളിലും എന്‍സിപി ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സഖ്യം 27 സീറ്റികളില്‍ ലീഡ് ചെയ്യുന്നുണ്ട്. വിജയം പ്രതീക്ഷിച്ച ബിജെപി കോട്ട ഇന്ത്യ മുന്നണിയിലൂടെ തകരുമെന്നാണ് സൂചന.

വിജയം പൂര്‍ണമായും പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലുമാണ് ഇത്തവണ ബിജെപിയുടെ കോട്ടകള്‍ തകര്‍ന്നടിഞ്ഞത്. 2014 ലെയും 2019ലെയും ബിജെപി വിജയം കണക്കാക്കിയാല്‍ ഇത്തവണ ഇന്ത്യ മുന്നണിയുടെ എന്‍ഡിഎക്കെതിരെയുള്ള പോരാട്ടം ഫലവത്താകുന്നതാണ് കാണാനാവുക.

ALSO READ: അഖിലേഷിന്‍റെ 'ടിക്കറ്റ് ട്വിസ്റ്റ്'; യുപിയില്‍ ബിജെപിയുടെ അടിപതറിച്ച കോണ്‍ഗ്രസ്-എസ്‌പി തന്ത്രം - INDIA Alliance Performance In UP

2014ല്‍ 282 സീറ്റുകള്‍ ബിജെപിക്ക് മാത്രം സ്വന്തമായിരുന്നു. കൂടാതെ എന്‍ഡിഎയ്‌ക്ക് 336 സീറ്റുകളും ലഭിച്ചു. 2019ലാകട്ടെ ബിജെപിക്ക് സ്വന്തമായത് 303 സീറ്റുകളായിരുന്നു. അതേസമയം എന്‍ഡിഎ പിടിച്ചടക്കിയത് 353 സീറ്റുകളും. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി 400 സീറ്റ് കടക്കുമെന്ന് അവകാശപ്പെട്ടത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളും ഏതാണ്ട് ബിജെപിയുടെ വാദങ്ങളെ ശരിവയ്‌ക്കുന്നതായിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി അപ്രതീക്ഷിതമായാണ് ഇന്ത്യ മുന്നണിയുടെ കടന്നുകയറ്റമുണ്ടായത്. ബിജെപി ഭരണത്തിലേറിയായാല്‍ ജനാധിപത്യം തകര്‍ക്കപ്പെടുമെന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രചാരണം ഫലം കണ്ടുവെന്നാണ് ഫലങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന ബിജെപിയുടെ പ്രസ്‌താവനയും ഒരു പക്ഷേ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കാം.

Also Read:യുപിയില്‍ അടിപതറി ബിജെപി: അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'

ABOUT THE AUTHOR

...view details