മുംബെെ:മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളില്‍ നിന്നും 160 സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ബിജെപി. ഇന്നലെ (ജൂലൈ 18) പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം സീറ്റ് വിഭജനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടത്തി.
മഹാരാഷ്ട്രയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവും അശ്വിനി വൈഷ്‌ണവും യോഗത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ഘടകം മേധാവി ചന്ദ്രശേഖർ ബവൻകുലെ, മുൻ സംസ്ഥാന യൂണിറ്റ് മേധാവിമാരായ ചന്ദ്രകാന്ത് പാട്ടീൽ, റാവുസാഹേബ് ദൻവെ, അശോക് ചവാൻ, പങ്കജ മുണ്ടെ എന്നിവരടങ്ങുന്ന സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്.
'ഞങ്ങൾ 288 സീറ്റുകളും ചർച്ച ചെയ്‌തു, എന്നാൽ സഖ്യകക്ഷികൾ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾ കൂട്ടായി തീരുമാനമെടുക്കും. ഒരു സഖ്യകക്ഷികളും വ്യക്തിപരമായി സീറ്റ് ആവശ്യപ്പെടുന്നില്ല. സീറ്റുകളുടെയും മണ്ഡലങ്ങളുടെയും കാര്യത്തിൽ മെറിറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന്' യോഗത്തിന് ശേഷം ദൻവെ പറഞ്ഞു.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയായ അവിഭക്ത ശിവസേനയുമായി 164 സീറ്റുകളിൽ മത്സരിച്ചിരുന്നു. നിലവില്‍ 103 എംഎൽഎമാരുള്ള സഭയിലെ ഏറ്റവും വലിയ കക്ഷിയാണ് ബിജെപി. ഒക്‌ടോബറിലാണ് മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ്.
Also Read:മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ശിവസേനയും കോൺഗ്രസും എൻസിപിയും ഒന്നിച്ച് മത്സരിക്കുമെന്ന് ശരദ് പവാർ