ന്യൂഡൽഹി:വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിര്‍ത്തുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്. രാഹുല്‍ ഗാന്ധി ഒഴിയുന്ന സാഹചര്യത്തില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി ജനവിധി തേടും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.
വയനാട് സീറ്റ് പ്രിയങ്ക ഗാന്ധിക്ക് കൈമാറുന്നതിലൂടെ കോൺഗ്രസ് 'വംശീയ രാഷ്ട്രീയം' നടത്തുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂൻവാല പറഞ്ഞു. രാജ്യസഭയില്‍ സോണിയ ഗാന്ധിയും ലോക്‌സഭയില്‍ രണ്ട് സീറ്റുകളില്‍ രാഹുലും പ്രിയങ്കയും വരുന്നത് രാജവംശത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം ആരോപിച്ചു. ഷെഹ്‌സാദ് പൂൻവാലയുടെ പ്രതികരണം ഇങ്ങനെ...
'രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയാനും സഹോദരി അവിടെ നിന്ന് മത്സരിക്കാനും തീരുമാനിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയല്ല കുടുംബത്തിൻ്റെ കമ്പനിയാണെന്ന് വ്യക്തമായിരിക്കുന്നു. അമ്മ (സോണിയ ഗാന്ധി) രാജ്യസഭയിലും മകൻ (രാഹുൽ ഗാന്ധി) റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും പ്രിയങ്ക വയനാട് സീറ്റിൽ മത്സരിച്ച് ലോക്‌സഭയിലേക്കും എത്തുന്നു. ഇത് രാജവംശത്തിൻ്റെ പ്രതീകമാണ്'- ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂൻവാല അഭിപ്രായപ്പെട്ടു.