ദാഹോദ് :ഗുജറാത്ത് വർഗീയ കലാപത്തിന്‍റെ ഇരയായ ബിൽക്കിസ് ബാനു ചൊവ്വാഴ്‌ച (മെയ് 07) ദഹോദ് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള ദേവഗഡ് ബാരിയ ടൗണിൽ വോട്ട് രേഖപ്പെടുത്തി. ഭർത്താവ് യാക്കൂബ് റസൂലിനൊപ്പം കപ്‌ഡി പ്രദേശത്തെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് ഇവർ വോട്ട് ചെയ്‌തത്. പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മഷി പുരട്ടിയ വിരൽ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലെ 26ൽ 25 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. പ്രഭ കിഷോർ തവിയാദാണ് ബിൽക്കിസ് ബാനുവിന്‍റെ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ദഹോദിലെ നിലവിലെ എംപിയായ ജസ്വന്ത് സിങ് ഭാഭോർ തന്നെയാണ് ഇത്തവണവും ഭാരതീയ ജനത പാർട്ടിക്കായി മത്സരരംഗത്തുള്ളത്.
അതേസമയം 2002 ഫെബ്രുവരിയിൽ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൻ്റെ ഭീകരതയുടെ ഒരിക്കലം മറക്കാത്ത മുഖമാണ് ബിൽക്കിസ് ബാനുവിന്‍റേത്. ആർഎസ്എസ് അക്രമകാരികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. അന്ന് 21 വയസ് മാത്രമായിരുന്നു ബാനുവിന്‍റെ പ്രായം. കൂടാതെ ഇവർ അഞ്ച് മാസം ഗർഭിണിയുമായിരുന്നു.