പട്‌ന : എന്‍ഡിഎയ്‌ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ച് അധികാരത്തിലേറിയ നിതീഷ് കുമാര്‍ (Nitish Kumar) നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും (Bihar Floor Test). വിശ്വാസ വോട്ടിന് മുന്‍പ് സ്‌പീക്കര്‍ അവധ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയവും വോട്ടിനിടും. ആര്‍ജെഡി പ്രതിനിധിയാണ് നിലവിലെ ബിഹാര്‍ നിയമസഭ സ്‌പീക്കര്‍.
വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജെഡിയു നിയമസഭാകക്ഷി നേതാക്കാളുടെ യോഗം ഇന്ന് ചേരുന്നുണ്ട് (JDU MLA's Meeting). മുഴുവന്‍ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദേശം. മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ വസതിയില്‍ ആര്‍ജെഡി പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പടെ ക്ഷണിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ (Opposition MLA's Meeting At Tejashwi Yadav's Residence).
ഇരുപാര്‍ട്ടിയിലെയും എംഎല്‍എമാര്‍ തേജസ്വി യാദവിന്‍റെ വസതിയില്‍ തന്നെ തുടരുകയാണ്. എംഎല്‍എമാര്‍ തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കമാണ് ബിഹാര്‍ നിയമസഭയിലെ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തുന്നത്. ഇതിനായി വിപ്പ് പേപ്പറുകളില്‍ എംഎല്‍എമാരുടെ ഒപ്പും ശേഖരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.