കേരളം

kerala

ETV Bharat / bharat

എൻഡിഎയിലേക്ക് നീതിഷിന് വെട്ടിയ വഴി ജയന്ത് ചൗധരിക്കും...അസാധാരണ ഭാരതരത്നയും 'ഇൻഡ്യ'യും - Karpoori Thakur

Rashtriya Lok Dal കർപ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചതിന് ശേഷമാണ് ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവും നിതീഷിന്‍റെ എൻഡിഎ പ്രവേശനവും സംഭവിച്ചത്. നിതീഷ് സ്വന്തം രാഷ്ട്രീയ ഗുരുവായി കണ്ടിരുന്ന നേതാവായിരുന്നു കർപ്പൂരി താക്കൂർ. ഉത്തർപ്രദേശിലെ പ്രമുഖ പ്രാദേശിക പാർട്ടിയായ രാഷ്ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിയും മനം മാറ്റത്തിന്‍റെ വക്കിലാണ്. ജയന്ത് ചൗധരിയുടെ മുത്തച്ഛൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിനും ഭാരത രത്ന പ്രഖ്യാപിച്ചിട്ടുണ്ട്.

rashtriya-lok-dal-Bharat Ratna-Charan Singh-Jayant Singh
rashtriya-lok-dal-Bharat Ratna-Charan Singh-Jayant Singh

By ETV Bharat Kerala Team

Published : Feb 9, 2024, 5:22 PM IST

ഹൈദരാബാദ്: ബിജെപിക്ക് എതിരായി ദേശീയ തലത്തില്‍ ശക്തമായ പ്രതിപക്ഷ ഐക്യം വേണമെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്താൻ എല്ലാം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്നും പറഞ്ഞു നടന്നിരുന്ന നിതീഷ്‌കുമാറും അദ്ദേഹത്തിന്‍റെ പാർട്ടിയായ ജെഡിയുവും പെട്ടെന്ന് ഒരു ദിവസം എല്ലാം മതിയാക്കി ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ തിരിച്ചെത്തിയത് അടുത്തിടെയാണ്.

ജെഡിയുവിനെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയർത്തിയാണ് നേരത്തെ നിതീഷ് എൻഡിഎ സഖ്യം വിട്ടത്. തുടർന്ന് കോൺഗ്രസ്-ആർെജഡി എന്നി പാർട്ടികളുമായി ചേർന്ന് മഹാഗഡ്‌ബന്ധൻ എന്ന സഖ്യമുണ്ടാക്കിയ നിതീഷ് ബിഹാർ മുഖ്യമന്ത്രിയുമായി. അതോടൊപ്പം ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ പാർട്ടികളെ ഒന്നിച്ചു നിർത്താനും അവരുടെ നേതാവാകാനും നിതീഷ് ശ്രമിക്കുകയും ചെയ്‌തതിന്‍റെ ഫലമാണ് ഇൻഡ്യ സഖ്യം.

പാട്‌നയില്‍ നിതീഷിന്‍റെ നേതൃത്വത്തിലാണ് ഇൻഡ്യ സഖ്യത്തിന്‍റെ ആദ്യം യോഗം പോലും ചേർന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് ചർച്ചകൾ സജീവമായി. അതിനിടെ സഖ്യത്തിലെ വ്യത്യസ്ത ആവശ്യങ്ങളുള്ള വ്യത്യസ്ത പാർട്ടികൾ തമ്മില്‍ സ്വരച്ചേർച്ച പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു. ഒട്ടും വൈകാതെ മഹാഗഡ്‌ബന്ധൻ പൊളിച്ച നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയുമായി.

നിതീഷ് ബിജെപിയുമായി അടുക്കുന്നുവെന്ന് മനസിലായത് 2024ലെ ആദ്യ ഭാരതരത്ന പ്രഖ്യാപനത്തോടെയാണ്. ആദ്യം സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് ജനതാപാർട്ടിയിലും ഭാരതീയ ലോക്‌ദളിലും ഒക്കെ പ്രവർത്തിക്കുകയും ബിഹാർ മുഖ്യമന്ത്രി പദം അലങ്കരിക്കുകയും ചെയ്‌ത നേതാവായ കർപ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചതോടെയാണ് നിതീഷിന്‍റെ മനംമാറ്റം പുറത്തായത്. രാഷ്ട്രീയ ഗുരുവായ കർപ്പൂരി താക്കൂറിന് ഭാരത രത്ന പ്രഖ്യാപിച്ചപ്പോൾ തന്നെ നിതീഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തി. 'ജെഡിയുവിന്‍റെ ദീർഘകാല ആവശ്യമായിരുന്നു കർപ്പൂരി താക്കൂറിന് ഭാരത രത്ന നല്‍കുക എന്നത്. മോദി സർക്കാർ അത് നല്‍കിയിരിക്കുന്നു' നിതീഷ് പറഞ്ഞു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്‌ചയ്ക്കുള്ളില്‍ നിതീഷ് ബിജെപി പിന്തുണയോടെ ബിഹാർ മുഖ്യമന്ത്രിയുമായി. അതോടെ ബിഹാറില്‍ 'ഇൻഡ്യ സഖ്യം' തകർന്നു.

വീണ്ടും അസാധാരണ ഭാരത രത്ന:ഇത്തവണ അഞ്ച് പേർക്കാണ് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരത രത്ന പ്രഖ്യാപിച്ചത്. ആദ്യം കർപ്പൂരി താക്കൂറിനും പിന്നെ എല്‍കെ അദ്വാനിക്കും. അതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് മൂന്ന് പേർക്ക് കൂടി ഭാരതരത്ന പ്രഖ്യാപിച്ചത്. അതില്‍ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എംഎസ് സ്വാമിനാഥനും മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവുവും ചൗധരി ചരൺ സിങും ഉൾപ്പെട്ടു.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിങിന് ഭാരത രത്ന നല്‍കിയതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് ചെറുമകൻ ജയന്ത് ചൗധരി മാധ്യമങ്ങളെ കണ്ടതോടെയാണ് അടുത്ത 'രാഷ്ട്രീയ കളംമാറ്റത്തിന് പിന്നിലെ ഭാരത രത്ന' ചർച്ചയാകുന്നത്. രാഷ്ട്രീയ ലോക്‌ദൾ പാർട്ടിയുടെ അധ്യക്ഷനായ ജയന്ത് ചൗധരി നിലവില്‍ 'ഇൻഡ്യ' സഖ്യത്തിലെ ഘടകകക്ഷിയാണ്. അതോടൊപ്പം രാജ്യസഭ എംപിയുമാണ്. 2018 മുതല്‍ ഉത്തർപ്രദേശില്‍ സമാജ് വാദി പാർട്ടിയ്ക്ക് ഒപ്പമാണ് ആർഎല്‍ഡി പ്രവർത്തിക്കുന്നത്.

അതിന് മുൻപ് എൻഡിഎയിലായിരുന്ന ജയന്ത് ചൗധരിയും സ്വന്തം പാർട്ടിയായ ആർഎല്‍ഡിയും എൻഡിഎയിലേക്ക് ചേക്കേറാൻ ശ്രമിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് ഇന്ന് (09.02.24) രണ്ടാം ഘട്ടം ഭാരത രത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അതിലാണ് ജയന്തിന്‍റെ മുത്തച്ഛൻ ചൗധരി ചരൺ സിങിന് ഭാരതരത്ന പ്രഖ്യാപനം വന്നത്. ഉടൻ മാധ്യമങ്ങളെ കണ്ട ജയന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ഇതൊരു വൈകാരിക നിമിഷമാണെന്ന് ആവർത്തിക്കുകയും ചെയ്തു.

വാർത്ത സമ്മേളനത്തില്‍ ആർഎല്‍ഡിയുടെ എൻഡിഎ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരു കാര്യം നിഷേധിക്കാനാകില്ലെന്നാണ് ജയന്ത് ചൗധരി പറഞ്ഞത്. ഉത്തർപ്രദേശിലെയും രാജ്യത്താകെയുമുള്ള കർഷർക്കായി പ്രവർത്തിച്ച നേതാവായിരുന്നു ചൗധരി ചരൺ സിങ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത രത്ന പ്രഖ്യാപിച്ചുകൊണ്ട് എക്‌സില്‍ പറഞ്ഞത്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന് എതിരായ കർഷക പ്രക്ഷോഭത്തില്‍ ജയന്ത് ചൗധരിയുടെ പാർട്ടിയുടെ നിലപാടും പിന്തുണയും കർഷകർക്കൊപ്പമായിരുന്നു. പുതിയ ഭാരത രത്ന പ്രഖ്യാപനം കൂടി വന്നതോടെ ഹിന്ദി ഭൂമിയില്‍ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി കൂടി ഇൻഡ്യ സഖ്യം ഉപേക്ഷിക്കുകയാണ്. ചൗധരി ചരൺസിങിന് ഭാരത രത്ന പ്രഖ്യാപിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. പക്ഷേ കാര്യങ്ങൾ എൻഡിഎയുടെ വഴിയിലാണ് നീങ്ങുന്നത്.

ABOUT THE AUTHOR

...view details