ബെംഗളൂരു:അരലക്ഷത്തിലധികം രൂപ പിഴ ഉണ്ടായിട്ടും അടയ്‌ക്കാതിരിക്കുന്നവർക്കെതിരെ നടപടിയെടുത്ത് പൊലീസ് (bengaluru police). നിലവിൽ 84 ബൈക്കുകളും ഒരു കാറും പൊലീസ് പിടിച്ചെടുത്തു (action against drivers pending fine). പിടികൂടിയ വാഹനങ്ങൾക്കെതിരെ ഇതുവരെ 10,210 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും, നോ പാര്‍ക്കിങ്കില്‍ പാര്‍ക്ക് ചെയ്‌തതിനും ട്രാഫിക് നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനുമുൾപ്പെടെയാണ് കേസ്. ഏകദേശം 1.07 കോടി രൂപ പിഴ ഇനത്തിൽ ഈടാക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
'പിഴ അടയ്‌ക്കാതെ മുങ്ങിയാൽ പണി കിട്ടും'; വാഹനങ്ങൾ പിടിച്ചെടുത്ത് ബെംഗളൂരു പൊലീസ്
50000 ത്തിൽ കൂടുതൽ രൂപ പിഴ ഉണ്ടായിട്ടും അടയ്‌ക്കാത്ത 84 ബൈക്കുകളും ഒരു കാറും ബെംഗളൂരു പൊലീസ് പിടികൂടി.
Published : Feb 17, 2024, 5:18 PM IST
നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകളിൽ പകർത്തുന്ന ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. പൊലീസ് തടയില്ലെന്ന് കരുതി ഹെൽ ധരിക്കാതെ വാഹനമോടിക്കുക, സിഗ്നൽ പാലിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, തുടങ്ങി നിരവധി ട്രാഫിക് നിയമ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രാഫിക് നിയമലംഘകർക്കെതിരെയും പ്രത്യേകിച്ച് 50,000 രൂപയിൽ കൂടുതൽ പിഴ അടയ്‌ക്കാനുള്ളവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ ട്രാഫിക് ഡിവിഷൻ ജോയിന്‍റ് പൊലീസ് കമ്മിഷണർ എം എൻ അനുചേത് നഗരത്തിലെ എല്ലാ സോണുകളിലെയും ഡിസിപിമാർക്ക് കർശന നിർദേശം നൽകി.
ഇതനുസരിച്ച് സൗത്ത് ഡിവിഷൻ ഡിസിപി ശിവപ്രകാശ് ദേവരാജിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനയിലാണ് 84 ബൈക്കുകളും ഒരു കാറും പിടികൂടിയത്. പിടികൂടിയ ഓരോ വാഹനത്തിനും 50,000 രൂപയിലധികം പിഴ ചുമത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ എല്ലാ വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ടെന്നും വാഹന ഉടമകൾക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.