പശ്ചിമ ബംഗാള്‍:കൊൽക്കത്ത പൊലീസിൻ്റെ സാന്നിധ്യമുള്ളതിനാൽ രാജ്ഭവനിൽ താന്‍ സുരക്ഷിതനല്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. രാജ്ഭവൻ പരിസരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ഒഴിയാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രസ്‌താവന. ഇന്നാണ് (ജൂണ്‍ 20) അദ്ദേഹം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്നാൽ ഉത്തരവിറക്കിയിട്ടും ഗവർണർ ഹൗസിലെ ഡ്യൂട്ടിയിൽ നിന്നും പിൻമാറാൻ പൊലീസ് തയ്യാറായില്ല. നിലവിലെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ്റെയും അദ്ദേഹത്തിൻ്റെ സംഘത്തിൻ്റെയും സാന്നിധ്യം തന്‍റെ സ്വകാര്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാൻ തനിക്ക് കാരണങ്ങളുണ്ടെന്ന് ബോസ് പറഞ്ഞു. രാജ്ഭവനിലെ കൊൽക്കത്ത പൊലീസിൽ താൻ സുരക്ഷിതനല്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഗവർണർ പറഞ്ഞു.