കൊല്‍ക്കത്ത: ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പശ്ചിമ ബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കി. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു.
പ്രതിപക്ഷം പൂര്‍ണമായും ബില്ലിനെ പിന്തുണച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഭരണപക്ഷം അംഗീകരിച്ചില്ല. ചരിത്രപരവും മാതൃകാപരവും എന്നാണ് ബില്ലിനെ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 2023-ലെ പഴുതുകള്‍ അടയ്ക്കാനാണ് ഇത്തരമൊരു നിയത്തിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
ബലാത്സംഗം മാനവരാശിക്ക് മേലുള്ള ശാപമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യപരിവര്‍ത്തനം ആവശ്യമാണ്. താന്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രണ്ട് കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ലെന്ന് മമത ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ് ഉറപ്പാക്കാനാണ് ഈ ബില്‍. മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊല്‍ക്കത്ത കൂടുതല്‍ സുരക്ഷിതമാണെന്നും മമത അവകാശപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ 43 വര്‍ഷം മുമ്പ് ഐക്യരാഷ്ട്രസഭ ഒരു സമിതി രൂപീകരിച്ചിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളില്‍ 88 അതിവേഗ കോടതികളുണ്ട്. ഇതില്‍ 52 എണ്ണം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കോടതികളിലായി മൂന്ന് ലക്ഷത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിവേഗ കോടതികളില്‍ നിലവില്‍ ഏഴായിരം കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഓരോ പതിനഞ്ച് മിനിറ്റിലും ഒരു ബലാത്സംഗം എന്ന തോതില്‍ നടക്കുന്നു. ഇത്തരമൊരു ബില്‍ കൊണ്ടുവരുന്ന ആദ്യ നിയമസഭയാണ് പശ്ചിമബംഗാളിലേത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെന്റ് ബിൽ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും.