ന്യൂഡല്‍ഹി: ബംഗ്ലാദേശ് പാകിസ്ഥാന്‍റെ വല്യേട്ടന്‍ ആയി മാറിയിരിക്കുന്നുവെന്നും അത്തരക്കാരുടെ കയ്യിലേക്ക് രാജ്യത്തിന്‍റെ നിയന്ത്രണം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിക്ഷേപകര്‍ അവിടെ നിന്ന് പിന്തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 മുതല്‍ പതിനേഴ് വരെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഭാരത് ടെക്‌സ് 2025ന്‍റെ കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ് പാകിസ്ഥാനെ പോലെ ആയാല്‍ നിക്ഷേപകര്‍ അവിടേക്ക് പോകും മുന്‍പ് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ ഭരണമാറ്റത്തിനിടയാക്കിയ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ഇന്ത്യയ്ക്ക് വലിയൊരു തൊഴിലാളി വിപണിയുള്ളതിനാല്‍ ബംഗ്ലാദേശില്‍ നിന്നോ വിയറ്റ്നാമില്‍ നിന്നോ ഇന്ത്യന്‍ വസ്‌ത്രവ്യാപാര രംഗം യാതൊരു വെല്ലുവിളിയും നേരിടുന്നില്ല. എല്ലാ മേഖലയെയും ഉത്‌പാദന ഇന്‍സെന്‍റീവ് പദ്ധതിയിലുള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ടെക്‌സ് 2025 വലിയൊരു ആഗോള വസ്‌ത്രവ്യാപാര മേളയാണ്. വസ്‌ത്ര കയറ്റുമതി പ്രൊമോഷന്‍ കൗണ്‍സിലുകളുടെ കണ്‍സോര്‍ഷ്യമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെക്‌സ്റ്റല്‍ മന്ത്രാലയത്തിന്‍റെ പിന്തുണയുമുണ്ട്. ആഗോള വസ്‌ത്ര വ്യാപാരമേളയും വിജ്ഞാന ഇടവുമായാണ് പരിപാടി വിഭാവനം ചെയ്‌തിരിക്കുന്നത്.