ന്യൂ ടൗൺ (പശ്ചിമ ബംഗാൾ): കൊല്‍ക്കത്തയിലെ ന്യൂ ടൗൺ ഭവന സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് നാല് കിലോയോളം വരുന്ന മാംസവും മുടിയും കണ്ടെത്തി. കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിന്‍റെ ശരീരഭാഗങ്ങൾക്കായുള്ള ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തല്‍. എംപിയുടെ മൃതദേഹ അവശിഷ്‌ടമാണെന്ന് സംശയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സംശയിക്കുന്ന പാർപ്പിട സമുച്ചയത്തിലെ മലിനജല പൈപ്പുകളും സെപ്റ്റിക് ടാങ്കും സമഗ്രമായി പരിശോധിക്കുമെന്ന് ബംഗ്ലാദേശ് ഡിറ്റക്‌ടീവ് ഡിപ്പാർട്ട്‌മെന്‍റ് മേധാവി ഹരുൺ-ഉർ-റഷീദ് പറഞ്ഞു. കൊൽക്കത്ത പൊലീസിന്‍റെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ടീം രാജർഹട്ടിനടുത്തുള്ള അമ്യൂസ്‌മെന്‍റ് പാർക്കിനോട് ചേർന്നുള്ള ബാഗ്‌ജോല കനാലിൽ തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിൽ ഡ്രോണുകളും ഉപയോഗിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
'കുറ്റകൃത്യം നടന്നിട്ട് രണ്ടാഴ്‌ചയിലേറെയായി. ശരീരഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി വെട്ടിയതിനാല്‍ ജലജീവികൾ തിന്നുതീർക്കാനുള്ള സാധ്യത കൂടുതലാണ്. ബാഗ്‌ജോല കനാലിൽ മലിനമായ വെള്ളമുണ്ട്, കൂടാതെ ശരീരഭാഗങ്ങൾ ഒഴുക്കിനനുസരിച്ച് ഒഴുകിപോകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കനാലിൽ നിന്ന് ശരീരഭാഗങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്താൻ മുങ്ങൽ വിദഗ്‌ധരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.