കല്‍ബുര്‍ഗി: ലോക്‌സഭയില്‍ ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസ്‌താവനയെ അപലപിച്ച് ബന്ദ് ആചരിച്ച് ദലിത് സംഘടനകള്‍. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി കര്‍ണാടകയിലെ കല്‍ബുര്‍ഗിയിൽ ദലിത് നേതാക്കള്‍ തെരുവിലിറങ്ങി. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
വിവിധ ദലിത് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്‌തതോടെ ബസുകളും ഓട്ടോ റിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തുന്നില്ലെന്നും നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 'അംബേദ്‌കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയെ അപലപിച്ച് വിവിധ ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌തതിന് പിന്നാലെ കല്‍ബുര്‍ഗിയിൽ ബന്ദ് ആചരിക്കുകയാണ്. ഞങ്ങൾ വൻതോതിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്,' ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്ഥിതിഗതികൾ സമാധാനപരമാണെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സിറ്റി ബസ് സ്റ്റാൻഡ്, എസ്‌വിപി സർക്കിൾ, ജഗത് സർക്കിൾ, ഖാർഗെ സർക്കിൾ, രാം മന്ദിർ സർക്കിൾ, ഹുമാനാബാദ് റിംഗ് റോഡ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചു, ബിജെപിക്കും അമിത് ഷായ്‌ക്കുമെതിരെ മുദ്രാവാക്യം ഉയർത്തി. ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും അമിത് ഷാ രാജിവയ്‌ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ദലിത് സംഘടനകള്‍ കര്‍ണാടകയിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസിലേക്ക് വലിയ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ 150 നഗരങ്ങളിൽ കോണ്‍ഗ്രസ് വാർത്താ സമ്മേളനം നടത്തിയിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിനിടെയാണ് കേന്ദ്ര മന്ത്രി അമിത് ഷാ അംബേദ്‌കറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. 'അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ - അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത് നാം അഗർ ഭഗവാൻ കാ ലെത്തേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാ' (അംബേദ്‌കർ, അംബേദ്‌കർ, എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ദൈവത്തിന്‍റെ പേരാണ് ഇങ്ങനെ ഉരുവിട്ടിരുന്നത് എങ്കില്‍ അവർക്ക് സ്വർഗത്തിൽ ഒരിടമെങ്കിലും ലഭിച്ചേനേ'- എന്നാണ് അമിത് ഷാ സഭയില്‍ പറഞ്ഞത്.
സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും രംഗത്ത് വന്നിരുന്നു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ സമരം നടത്തിവരികയാണ്.
Read Also:'അമിത് ഷാ രാജിവയ്‌ക്കണം', അംബേദ്‌കറിനെതിരെയുള്ള പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്