ബദ്‌ലാപൂര്‍( മഹാരാഷ്‌ട്ര): ബദ്‌ലാപൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ നിയമത്തിലെ പത്തൊന്‍പതാം വകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരമറിഞ്ഞാലുടന്‍ പൊലീസില്‍ പരാതിപ്പെടണമെന്ന നിര്‍ദേശമാണ് വിദ്യാലയ അധികൃതര്‍ തെറ്റിച്ചത്.
അതേസമയം കുട്ടികളുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കുട്ടികളുടെ മൊഴിയെടുത്തത്. സംഭവത്തില്‍ മഹാരാഷ്‌ട്രയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ബോംബെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ രേവതി മൊഹിതിയും പൃഥ്വിരാജ് ചവാനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സംഭവത്തില്‍ വാദം കേട്ടു.
നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളാണ് ലൈംഗിക പീഡനത്തിരയായത്. സംഭവത്തില്‍ ഈ മാസം പതിനേഴിന് പൊലീസ് സ്‌കൂളിലെ അറ്റന്‍ഡറെ അറസ്റ്റ് ചെയ്‌തു. ഇതിനിടെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത-ശിശു പൊലീസ് സ്റ്റേഷനും വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തു. ഇക്കാര്യത്തില്‍ കമ്മീഷന്‍ അധ്യക്ഷ സൂസിബെന്‍ഷാ വിശദമായ പദ്ധതിയും പങ്ക് വച്ചിട്ടുണ്ട്.