ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വിമതന്‍ ചംപെയ് സോറന്‍റെ ബിജെപി പ്രവേശം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബാബുലാല്‍ മറാണ്ടി. ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) ന്യൂഡല്‍ഹിയില്‍ വച്ച് മറാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇടിവി ഭാരത് സീനിയര്‍ കറസ്‌പോണ്ടന്‍റ് അനാമിക രത്‌ന, മറാണ്ടിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയുടെ അജണ്ട, ചംപെയ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നതിന്‍റെ സ്വാധീനം, ഉടന്‍ തീയതി പ്രഖ്യാപിക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് സംസാരിക്കവെ, മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷം മോദിയുമായി ആദ്യം നടത്തുന്ന ചര്‍ച്ചയാണെന്ന് മറാണ്ടി പറഞ്ഞു.
'നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം തേടണമായിരുന്നു. ഒപ്പം ചംപെയ് സോറന്‍ പാര്‍ട്ടിയിലേക്ക് വന്നതിന് ശേഷം ഞങ്ങള്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമായിരുന്നു. ഇതെല്ലാം കൊണ്ടാണ് ഞാന്‍ പ്രധാനമന്ത്രിയെ കണ്ടത്' -ബാബുലാല്‍ മറാണ്ടി പറഞ്ഞു.
ജാര്‍ഖണ്ഡിലെ പ്രതിപക്ഷത്തെ കുറിച്ച് പ്രതികരിക്കവെ, കോണ്‍ഗ്രസും ജെഎംഎമ്മും സംസ്ഥാനത്തെ അഴിമതി നിറഞ്ഞതാക്കിയെന്ന് മറാണ്ടി കുറ്റപ്പെടുത്തി. 'പൊതുജനം അന്ധരല്ല. ഈ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്കും വിദ്വേഷത്തിനും അവര്‍ സാക്ഷികളാണ്. ഇത്തവണ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' -മറാണ്ടി പറഞ്ഞു.