ഹൈദരാബാദ്:അയോധ്യ രാമജന്മഭൂമിയില്‍ ശ്രീരാമ മന്ദിരം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ ഏറെ നിര്‍ണായകമായത് 1949 ല്‍ ബാബറി മസ്‌ജിദിനകത്ത് സ്ഥാപിച്ച് ഹിന്ദുക്കള്‍ ആരാധന നടത്തിയ രാമല്ലയുടെ വിഗ്രഹമായിരുന്നു. അന്ന് ഹിന്ദു സമൂഹത്തിന് അവിടെ ആരാധനയ്ക്ക് അനുമതി നല്‍കിയതാവട്ടെ കെ.കെ.നായര്‍ എന്ന മലയാളിയായ ജില്ലാ മജിസ്ട്രേറ്റും (Ramalla Idol InsideThe Babri Masjid, Magistrate K K Nair Gave Permission For Worship).
കൃഷ്‌ണകുമാര്‍ കരുണാകരന്‍ നായര്‍ എന്ന കെ. കെ നായരുടെ മജിസ്ട്രേറ്റ് എന്ന നിലയിലുള്ള നടപടികളും മറ്റൊരു മലയാളിയായ കെ.കെ. മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടത്തിയ ആര്‍ക്കിയോളജി സര്‍വേ റിപ്പോര്‍ട്ടും അയോധ്യയില്‍ രാമമന്ദിരം ഉയരുന്നതില്‍ നിര്‍ണായകമായിരുന്നു.
ആലപ്പുഴ കൈനകരി സ്വദേശി കണ്ടം കളത്തില്‍ ശങ്കരപ്പണിക്കരുടെയും പാര്‍വതിയമ്മയുടേയും മകനായ കെ കെ നായർ പഠിച്ചത് നാട്ടിലായിരുന്നു. ആലപ്പുഴയിലെ എസ് ഡി വി സ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായ ശേഷം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അതിനു ശേഷം ചെന്നൈയിലും ലണ്ടനിലും ഉപരിപഠനം നടത്തി. ഇരുപത്തി രണ്ടാം വയസ്സില്‍ ഐസിഎസിൽ ചേർന്നു.
ആദ്യ നിയമനം യുപിയിലായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്താണ് ഫൈസാബാദ് മജിസ്ട്രേറ്റായിരുന്ന കെ. കെ. നായരെ ജില്ലാ കളക്റ്ററായി നിയമിച്ചത്. അയോധ്യ സംഘർഷങ്ങളുടെ തുടക്കമായി കരുതുന്ന 1949 ലെ വിഗ്രഹം കണ്ടെത്തിയ സമയത്ത് ഫൈസാബാദ് ജില്ലാ കലക്‌ടറായിരുന്നു അദ്ദേഹം. അതു വരെ പൂട്ടിക്കിടന്ന രാമജന്മഭൂമിയില്‍ ആരാധന അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്തത് കെ.കെ. നായരായിരുന്നു.
ആ കഥ ഇങ്ങനെ : 1949 ജൂണ്‍ ഒന്നിനാണ് ഫൈസാബാദിന്‍റെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി കെ.കെ. നായര്‍ നിയമിതനായത്. നായരുടെ അടുത്ത സുഹൃത്ത് ഗുരുദത്ത് സിങ്ങായിരുന്നു ഫൈസാബാദ് സിറ്റി മജിസ്ട്രേറ്റ്. 1949 ഡിസംബര്‍ 22 ന് രാത്രിയില്‍ ബാബറി മസ്‌ജിദിനുള്ളില്‍ രാമജന്മഭൂമിയില്‍ രാമ വിഗ്രഹം സ്ഥാപിക്കപ്പെട്ടു. ശ്രീരാമന്‍റേയും സീതയുടേയും വിഗ്രഹങ്ങളായിരുന്നു രാത്രി 11 മണിയോടെ പള്ളിയിൽ എത്തിച്ചത്.
രാമ വിഗ്രഹവുമായെത്തിയവര്‍ അതീവ രഹസ്യമായാണ് അത് സ്ഥാപിച്ചത്. പക്ഷേ ഇക്കാര്യം തലസ്ഥാനത്തെ മേലധികാരികളെ കെ കെ നായര്‍ അറിയിച്ചത് പിറ്റേന്ന് രാവിലെ മാത്രമാണ്. അതിനകം ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ രാമഭക്തര്‍ അവിടെ ആരാധന തുടങ്ങിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ് കുപിതനായ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കെ.കെ. നായരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
രാമ ലല്ലയുടെ വിഗ്രഹം നീക്കം ചെയ്യണമെന്ന് നെഹ്റു ആവശ്യപ്പെട്ടെങ്കിലും കെ. കെ. നായര്‍ വഴങ്ങിയില്ല. പകരം ഗുരു ദത്ത് സിങ്ങിനോട് ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രാമജന്മഭൂമിയില്‍ മന്ദിരം നിര്‍മ്മിക്കണമെന്ന റിപ്പോര്‍ട്ടാണ് ഫൈസാബാദ് സിറ്റി മജിസ്ട്രേറ്റ് ആയ ഗുരു ദത്ത് സിങ്ങ് നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് സ്ഥലം സന്ദര്‍ശിച്ചതില്‍ ഓരം ചേര്‍ന്നുള്ള പള്ളിയിലും അമ്പലത്തിലുമായി ഹിന്ദുക്കളും മുസ്ലീങ്ങളും തങ്ങളുടെ മതാചാര പ്രകാരമുള്ള ആരാധന നടത്തുന്നുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.