ന്യൂഡല്‍ഹി :ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചതിന് പിന്നാലെ അതിഷി മര്‍ലേന മുഖ്യമന്ത്രി പദത്തിലേക്ക്. കെജ്‌രിവാള്‍ സര്‍ക്കാരിലെ വിദ്യാഭ്യാസം, ജലം, ധനം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി കസേരയിലെത്തുന്ന വനിതയാണ് എഎപി നേതാവായ അതിഷി.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി കെജ്‌രിവാള്‍ ജയിലില്‍ കഴിയവെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത് അതിഷിയായിരുന്നു. ഇന്ന് രാവിലെ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.
അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ അംഗങ്ങളും അതിഷിയുടെ പേരാണ് ഉയര്‍ത്തിയത്. പിന്നാലെയാണ് അതിഷിയെ തന്നെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.