ഹൈദരാബാദ്: കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് സമ്മതിച്ച് മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനെക്ക. ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ആസ്ട്രസെനെക്ക ഇക്കാര്യം സമ്മതിച്ചത്. അപൂർവമായ കേസുകളിൽ തലച്ചോറിലോ മറ്റ് ശരീരഭാഗങ്ങളിലോ രക്തം കട്ട പിടിക്കുന്നതിന് വാക്‌സിൻ കാരണമാകുമെന്നാണ് കണ്ടെത്തൽ.
2020ലെ കൊവിഡ് വ്യാപനത്തിന് ശേഷം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയോടൊപ്പം ചേർന്ന് ആസ്ട്രസെനെക്ക വികസിപ്പിച്ചെടുത്തതാണ് AZD1222 എന്നറിയപ്പെടുന്ന വാക്‌സിൻ. ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഈ വാക്‌സിൻ നിർമ്മിക്കുകയും വിതരണം ചെയ്യുകയുമായിരുന്നു.
ഈ വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുന്ന ടിടിഎസ് ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ കേസ് നടന്നു കൊണ്ടിരിക്കെയാണ് ചുരുങ്ങിയ കേസുകളിൽ ഇത്തരത്തിൽ സംഭവിക്കാമെന്ന് ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചത്. എന്നാൽ ഇതിന്‍റെ കാരണം എന്തെന്ന് വ്യക്തമല്ല. ടിടിഎസ് പോലുള്ള പ്രശ്‌നങ്ങൾ വാക്‌സിൻ സ്വീകരിക്കാത്തവരിലും വരാമെന്നും ആസ്ട്രസെനെക്ക പറഞ്ഞു.
ജാമി സ്കോട്ട് എന്ന വ്യക്തിയാണ് പരാതി നൽകിയത്. 2021 ഏപ്രിലിൽ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് മസ്‌തിഷ്‌ക ക്ഷതം സംഭവിച്ചതായും തനിക്ക് മരണം വരെ സംഭവിക്കാനിടയുണ്ടെന്ന് മൂന്ന് തവണ ഡോക്‌ടർമാർ പറഞ്ഞതായും പരാതിയിൽ പറയുന്നു.