ഗുവാഹത്തി:സിഎഎ പ്രകാരമുള്ളപൗരത്വത്തിനുള്ള അപേക്ഷകൾ ഏറ്റവും കുറവ് ലഭിക്കുന്നത് അസമിൽ നിന്നാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Chief Minister Himanta Biswa Sarma). വ്യാഴാഴ്‌ച ദിസ്‌പൂരിലെ ലോക് സേവ ഭവനിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ സിഎഎ വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിന്‍റെ കാര്യത്തിൽ സിഎഎ അപ്രസക്തമാണെന്നും ശർമ പറഞ്ഞു.
സിഎഎ(CAA) നിയമപ്രകാരം 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയവർക്ക് മാത്രമേ പൗരത്വത്തിനായി പോർട്ടലിൽ അപേക്ഷിക്കാനാകു എന്ന് ശർമ. അതേസമയം പോർട്ടൽ ആരംഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അസമിൽ നിന്ന് ഒരു അപേക്ഷ പോലും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിൽ പൗരത്വത്തിനായി അപേക്ഷിക്കുന്നവർ കുറവായിരിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പോർട്ടൽ തുറന്നിട്ടുണ്ട്. എത്ര ആളുകൾ അപേക്ഷിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും കാണാം. അസമിന്‍റെ കാര്യത്തിൽ സിഎഎയ്‌ക്ക് പ്രാധാന്യമില്ലെന്നും ശർമ പറഞ്ഞു.