മുംബൈ(മഹാരാഷ്ട്ര): ലോക്‌സഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അശോക് ചവാന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോൺഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എംഎല്‍എ സ്ഥാനവും രാജിവെച്ചത്.
മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് എംഎല്‍എമാരും ചവാനൊപ്പം പോകുമെന്നാണ് സൂചന. "അസംബ്ലി അംഗത്വം ഞാന്‍ രാജിവെച്ചു, രാജിക്കത്ത് ഞാന്‍ സ്പീക്കറിന് കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഞാന്‍ രാജി വെച്ചിരിക്കുന്നു." തിങ്കളാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ശേഷം ചവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചവാന്‍റെ നീക്കം ഹീനമായ രാഷ്ട്രീയക്കളിയാണെന്ന് പല കോണ്‍ഗ്രസ് നേതാക്കളും അപലപിച്ചു. "ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. ഖേദകരമായ തീരുമാനമാണ്. അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന് കരുതിയില്ല. എന്താണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയത് എന്ന് അദ്ദേഹം തന്നെ പറയട്ടെ ." കോണ്‍ഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ചില എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബിജെപി നേതാക്കള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും ചവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള ഏതാനും ചിലരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പ്രതികരിച്ചത്.
1986 മുതല്‍ 1995 വരെ മഹരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്നു അശോക് ചവാന്‍. 1999 മുതല്‍ 2014 വരെ മൂന്നു തവണ മഹാരാഷ്ട്രയില്‍ നിന്ന് എംഎല്‍എ ആയി. 2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു ചവാന്‍. 2010 ല്‍ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി തട്ടിപ്പിനെ തുടര്‍ന്ന് ചവാനോട് പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നു.
Also Read:സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; റായ്ബറേലിയിൽ അങ്കം കുറിക്കാൻ പ്രിയങ്ക ഗാന്ധിയും