മുംബൈ(മഹാരാഷ്ട്ര): കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ചയാണ് (12.02.24) അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തിലാണ് അശോക് ചവാൻ ബിജെപിയില്‍ ചേർന്നത്.
ഇന്ന് രാവിലെ മഹാരാഷ്ട്ര ബിജെപി ആസ്ഥാനത്ത് എത്തിയാണ് ചവാൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ചവാനൊപ്പം മുൻ മഹാരാഷ്ട്ര എംഎല്‍സിയും കോൺഗ്രസ് നേതാവുമായ അമർ രാജുർകറും ബിജെപിയില്‍ ചേർന്നു.
"അസംബ്ലി അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും താന്‍ രാജിവെച്ചുവെന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ശേഷം ചവാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചവാന്‍റെ നീക്കം ഹീനമായ രാഷ്ട്രീയക്കളിയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചത്. "ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.ഖേദകരമായ തീരുമാനമാണ്. അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന് കരുതിയില്ല. എന്താണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയത് എന്ന് അദ്ദേഹം തന്നെ പറയട്ടെ." കോണ്‍ഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള ഏതാനും ചിലരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പ്രതികരിച്ചത്.