ജയ്‌പൂര്‍: 2013ലെ ബലാത്സംഗക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു തിരികെ ആശ്രമത്തിലേക്ക്. കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്‌ക്ക് വിധിച്ച പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോധ്പൂരിലെ പാൽ ഗ്രാമത്തിലുള്ള തന്‍റെ ആശ്രമത്തിലേക്ക് ബാപ്പു മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
"പരോള്‍ ലഭിച്ച ആശാറാം ബാപ്പു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹം ചൊവ്വാഴ്‌ച വൈകിട്ട് ആശ്രമത്തിലേക്ക് തിരിച്ചു," എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തിന് രാജസ്ഥാൻ ഹൈക്കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 2013-ൽ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ കീഴ്‌ക്കോടതി 2018 ഏപ്രിലിൽ ആശാറാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.