ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സന്ദേശവുമായി ഭാര്യ സുനിത കെജ്‌രിവാള്‍ രംഗത്ത്. തനിക്കെതിരെയുള്ള കേസിനെ കുറിച്ചും തുടര്‍ന്നുണ്ടായ അറസ്റ്റിനെ കുറിച്ചുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവുമായാണ് ഭാര്യയെത്തിയത്. വീഡിയോയിലൂടെ സന്ദേശം സുനിത പങ്കുവയ്ക്കുകയായിരുന്നു.
'ഞാന്‍ ഒരുപാട് കഷ്‌ടപ്പെട്ടു, ഈ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തുന്നില്ല, ഒരു ജയിലിനും തന്നെ അടച്ചിടാനാകില്ല. ഞാന്‍ പുറത്തുവരും. തന്‍റെ വാഗ്‌ദാനങ്ങള്‍ നിറവേറ്റും. എന്‍റെ അറസ്റ്റ് കാരണം നിങ്ങളാരും ബിജെപി അംഗങ്ങളെ വെറുക്കരുത്. അവര്‍ നമ്മുടെ സഹോദരന്മാരാണെന്നുമാണ്' സുനിത കെജ്‌രിവാള്‍ വീഡിയോയിലൂടെ വായിച്ച് കേള്‍പ്പിച്ചത്.
അറസ്റ്റിനെ തുടര്‍ന്ന് തലസ്ഥാനഭരണം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്നതിനിടെ ഇന്നാണ് (മാര്‍ച്ച് 23) സുനിത കെജ്‌രിവാള്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. അതേസമയം അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സുനിത എക്‌സില്‍ പോസ്റ്റിട്ടിരുന്നു. മുഖ്യമന്ത്രിയുടെ അറസ്റ്റ് അധികാരത്തിന്‍റെ അഹങ്കാരമാണെന്ന് തുടങ്ങി ഹിന്ദിയിലാണ് സുനിത കുറിപ്പ് പോസ്റ്റ് ചെയ്‌തത്.
'അധികാരത്തിന്‍റെ അഹങ്കാരം കൊണ്ടാണ്, മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്‌തത്. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പമാണ്. അത് അകത്തായാലും പുറത്തായാലും. അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അതെല്ലാം പൊതുജനങ്ങള്‍ക്ക് അറിയാം, ജയ് ഹിന്ദ്' എന്നാണ് സുനിത കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചത്.