ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് വ്യാഴാഴ്‌ച (21-03-2024) അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിലേക്ക് (Arvind Kejriwal Moves Supreme Court Against ED Arrest). രാത്രി വൈകിയിട്ടും അദ്ദേഹത്തിന് പ്രത്യേക ഹിയറിങ്ങിനുള്ള അനുമതി ലഭിച്ചില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അറസ്‌റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി കേൾക്കാൻ വ്യാഴാഴ്‌ച രാത്രി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അനധികൃത അറസ്‌റ്റിനെതിരെ തങ്ങൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും മാര്‍ച്ച് 22ന് രാവിലെ സുപ്രീം കോടതി പരിഗണിക്കുമെന്നും ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌ത സമയത്തെയും അതിഷി ചോദ്യം ചെയ്‌തു. സിബിഐയോ ഇഡിയോ രണ്ട് വർഷത്തെ അന്വേഷണത്തിൽ ഒരു പൈസ പോലും കണ്ടെത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. കെജ്‌രിവാളിൻ്റെ അറസ്‌റ്റിനെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച അതിഷി, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയ നേതാവാണ് കെജ്‌രിവാളെന്ന് ബിജെപിക്ക് അറിയാമെന്ന് വ്യക്തമാക്കി.