ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി വളരെ ആത്മവിശ്വാസത്തോടെയായിരുന്നു ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹരിയാനയില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം മൂന്നാമത്തെ പ്രബല കക്ഷിയായി ആം ആദ്‌മി ഉയര്‍ന്നുവരാൻ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസിനോ, ബിജെപിക്കോ കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, കുറച്ച് സീറ്റെങ്കിലും നേടിയാല്‍ സംസ്ഥാനത്ത് ആര് ഭരണത്തില്‍ വരണമെന്നതില്‍ അടക്കം നിര്‍ണായക തീരുമാനമെടുക്കാൻ മൂന്നാമത്തെ പ്രബല കക്ഷിയായി വരുന്ന ആംആദ്‌മി കഴിയുമെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി ഹരിയാനയില്‍ ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാനയിൽ 90 സീറ്റുകളില്‍ മത്സരിച്ച ആം ആദ്‌മി പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഇതിനുപിന്നാലെ പ്രതികരണവുമായി ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തുകയും ചെയ്‌തു. ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ല എന്നതാണ് ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠമെന്നാണ് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചത്.
"ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പിനെ നിസാരമായി കാണരുത്. ഒരിക്കലും അമിത ആത്മവിശ്വാസം പുലർത്തരുത് എന്നതാണ് ഹരിയാന തെരഞ്ഞെടുപ്പിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. എല്ലാ തെരഞ്ഞെടുപ്പുകളും സീറ്റുകളും കഠിനമാണ്" ചൊവ്വാഴ്‌ച ഡൽഹിയിൽ എഎപി മുനിസിപ്പൽ കൗൺസിലർമാരെ അഭിസംബോധന ചെയ്യവെ കെജ്‌രിവാൾ പറഞ്ഞു.
കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഡൽഹി മുഖ്യമന്ത്രി. മുതിർന്ന പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, ഗോപാൽ റായ്, ദുർഗേഷ് പതക്, മേയർ ഷെല്ലി ഒബ്‌റോയ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഡൽഹി തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്ന് എഎപി മുനിസിപ്പൽ കൗൺസിലർമാരോട് അരവിന്ദ് കെജ്‌രിവാൾ നിര്‍ദേശിച്ചു. "നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. വരുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ പങ്ക് പ്രധാനമാണ്. പൊതുജനങ്ങൾ ശുചിത്വം പോലുള്ള അടിസ്ഥാന കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. അത് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതാത് പ്രദേശങ്ങളിൽ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം, തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതായിരിക്കണം നമ്മളുടെ പ്രധാന ലക്ഷ്യം" അദ്ദേഹം പറഞ്ഞു.
ആം ആദ്‌മിക്ക് ഹരിയാന നല്‍കുന്ന പാഠം എന്ത്?
ഡൽഹിക്കും പഞ്ചാബിനും തൊട്ടടുത്തുള്ള ഹരിയാനയില്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയോടെയായിരുന്നു 2024ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനെ ആം ആദ്‌മി നേരിട്ടത്. അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഗ്നിപരീക്ഷയായാണ് ഹരിയാന തെരഞ്ഞെടുപ്പിനെ ആം ആദ്‌മി കണ്ടതെങ്കിലും ഒരു സീറ്റില്‍ പോലും പാര്‍ട്ടിക്ക് ജയിക്കാനായില്ല. ഹരിയാനയിലെ ദയനീയ തോല്‍വി ആം ആദ്‌മി നേതൃത്വത്തിനെതിരെയും, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, വോട്ടര്‍മാര്‍ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടതും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
കോണ്‍ഗ്രസ്, ബിജെപി എന്നീ പ്രധാന പാര്‍ട്ടികളെ നേരിടാൻ ഹരിയാനയില്‍ ശക്തമായ ഒരു ബദൽ അവതരിപ്പിക്കുന്നതിൽ എഎപി പരാജയപ്പെട്ടുവെന്നതാണ് വസ്‌തുത. സംസ്ഥാനത്ത് തന്ത്രപരമായ സഖ്യങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതും, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി), ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) എന്നീ പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിക്കാൻ സാധിക്കാത്തതും, ശക്തരായ നേതാക്കളുടെ കുറവും ഹരിയാനയിൽ എഎപിയുടെ മോശം പ്രകടനത്തിന് കാരണമായി. സാമുദായിക സമവാക്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കി, തന്ത്രപരമായ സഖ്യങ്ങള്‍ ഉണ്ടാക്കി, മികച്ച നേതാക്കളെ മുൻനിര്‍ത്തി, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ വരും തെരഞ്ഞെടുപ്പുകളിലും ഹരിയാന പോലുള്ള ഒരു സംസ്ഥാനത്ത് എഎപിക്ക് അടിത്തട്ട് ഉണ്ടാക്കാൻ സാധിക്കൂ.
പ്രതാപം നഷ്‌ടപ്പെട്ട് കെജ്‌രിവാള്‍?
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കെജ്‌രിവാള്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാൻ സാധിക്കാത്തത് കെജ്‌രിവാളിന്‍റെ പഴയ പ്രതാപം നഷ്‌ടപ്പെട്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നു. മദ്യനയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ കെജ്‌രിവാള്‍ ജാമ്യത്തിലറങ്ങിയാണ് ഹരിയാനയില്‍ ഹൈവോള്‍ഡ് പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും പ്രയോജനപ്പെട്ടിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഹരിയാനയില്‍ വെറും 1.53% വോട്ടുകളാണ് എഎപിക്ക് സമാഹരിക്കാനായത്. 2014 മുതല്‍ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഎപിക്ക് ഇതുവരെ ഒരു സീറ്റില്‍ പോലും വിജയിക്കാനായിട്ടില്ല.
2025 ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിക്ക് തിരിച്ചടി നേരിടുമോ?:
ഹരിയാനയിലെ ജനങ്ങളെ സ്വാധീനക്കാൻ കഴിയാത്തതിനപ്പുറം ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്‌ഠിച്ചതും, എഎപിയുടെ ദേശീയതലത്തിലുണ്ടായ നേതൃത്വ മാറ്റവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പാര്‍ട്ടി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. ഡൽഹിയിൽ എഎപി ശക്തമായി തുടരുമ്പോൾ, ഹരിയാനയിൽ എഎപിയുടെ മോശം പ്രകടനം അടുത്ത വര്‍ഷം വരാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 7 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. 56 ശതമാനത്തിലധികം വോട്ടുകളാണ് രാജ്യതലസ്ഥാനത്ത് നിന്ന് ബിജെപി സമാഹരിച്ചത്.
വരുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രങ്ങളില്‍ ബിജെപി ശക്തമായ സ്വാധീനം ചെലുത്തിയാല്‍ എഎപിക്ക് തിരിച്ചടിയായി മാറും. 2020ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 62 സീറ്റുകള്‍ നേടിയാണ് രാജ്യതലസ്ഥാനം ആം ആദ്‌മി ഭരിക്കുന്നത്. 8 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഡല്‍ഹി മുൻ മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയുമുള്ള അഴിമതിക്കേസുകള്‍ മുൻനിര്‍ത്തിയാകും ബിജെപി അടുത്ത വര്‍ഷം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.
Read Also:'രാജ്യത്തിന് വേണ്ടിയാണ് രാഷ്‌ട്രീയത്തിലെത്തിയത്, മുഖ്യമന്ത്രിക്കസേരയോട് അത്യാഗ്രഹമില്ല'; അരവിന്ദ് കെജ്‌രിവാൾ