ന്യൂഡൽഹി:"റോബിൻഹുഡ്" എന്നറിയപ്പെടുന്ന മുൻ സൈനികനെ എടിഎം മെഷീനുകളില്‍ തട്ടിപ്പ് നടത്തി പണം തട്ടിയതിന് ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൻ്റെ ഗ്രാമത്തില്‍ എടിഎം എന്നുകൂടി അറിയപ്പെടുന്ന പ്രതി രാജേന്ദർ കുമാർ മീണ മുമ്പ് സമാനമായ കേസിൽ അറസ്‌റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 18 വർഷം ഇന്ത്യൻ സൈന്യത്തിൽ ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
"അയാള്‍ എടിഎം മെഷീനിൽ ചില ഉപകരണങ്ങൾ സ്ഥാപിച്ച് കിയോസ്‌കിൽ ഇരയ്‌ക്കായി കാത്തിരിക്കും. ഏതെങ്കിലും ഉപഭോക്താവ് പണം പിൻവലിക്കാൻ വന്നാല്‍ അവരുടെ ഇടപാട് മെഷീന്‍ നിരസിക്കുന്നു. പിന്നീട് മറ്റൊരു കാർഡ് ഉപയോഗിച്ച് സ്വൈപ്പ് ചെയ്‌ത് ഇരയുടെ അക്കൗണ്ടിൽ നിന്ന് മീണ പണം പിന്‍വലിക്കുന്നു." ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) എം ഹർഷ വർദ്ധൻ പറഞ്ഞു.
മീണയുടെ അറസ്‌റ്റോടെ ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ 17 കേസുകൾ പരിഹരിച്ചതായി ഡിസിപി പറഞ്ഞു. "മോഷണവും മറ്റ് ക്രിമിനൽ കേസുകളും ആരോപിച്ചാണ് അയാളെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത്. മോഷ്‌ടിച്ച തുക തൻ്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് ഉപയോഗിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്." മീണയെ "റോബിൻഹുഡ്" എന്നാണ് ഗ്രാമത്തില്‍ വിളിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൻ്റെ ഗ്രാമത്തിൽ നിന്ന് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാൻ മീണ പദ്ധതിയിട്ടിരുന്നതായും ഓഫീസർ പറഞ്ഞു. ഇയാളിൽ നിന്ന് 192 എടിഎം കാർഡുകളും 24,000 രൂപയും ഒരു സ്വർണക്കമ്മലും കണ്ടെടുത്തു.
മെയ് 5 ന് കരോൾ ബാഗ് പൊലീസ് സ്‌റ്റേഷനിൽ വഞ്ചനാ കുറ്റത്തിന് ഒരു കേസ് രജിസ്‌റ്റർ ചെയ്യപ്പെട്ടു, ഏപ്രിൽ 16 ന് ഗഫാർ മാർക്കറ്റിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് ഏതോ അജ്ഞാതർ തൻ്റെ എടിഎം കാർഡ് മാറ്റിയതായി പരാതിക്കാരൻ മൊഴി നൽകി. ടാങ്ക് റോഡ് കരോൾ ബാഗിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് തട്ടിപ്പുകാരൻ 22,000 രൂപ തൻ്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു എന്നായിരുന്നു പരാതി. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
സംഭവ സ്ഥലത്തിന് സമീപമുള്ള പ്രതികളുടെ നീക്കം പൊലീസ് പരിശോധിച്ചു. പ്രതിയെയും ഇയാളുടെ വഴിയും കണ്ടെത്താൻ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ പ്രതി രാജേന്ദർ കുമാർ മീണ അഥവാ എടിഎം ആണെന്ന് തിരിച്ചറിഞ്ഞതായും മെയ് 5 ന് കരോൾ ബാഗ് ഏരിയയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തതെന്നും ഡിസിപി പറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി മീണയ്‌ക്കെതിരെ 26 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:തോപ്പുംപടിയില്‍ കടയില്‍ക്കയറി കുത്തിക്കൊന്ന സംഭവം : പ്രതി പിടിയില്‍