കത്വ (ജമ്മു കശ്‌മീർ) :ജമ്മു കശ്‌മീര്‍ കത്വ ജില്ലയിലെ വനമേഖലയിലുള്ള താൽക്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരവാദികള്‍ വെടിയുതിർത്തു. ബടോഡ് പഞ്ചായത്തിലെ താൽക്കാലിക സൈനിക ക്യാമ്പിലാണ് ഇന്ന് പുലര്‍ച്ചെ 1:20 ഓടെ ആക്രണമുണ്ടായത്.
ആക്രമണമുണ്ടായതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മില്‍ അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിലും പ്രത്യാക്രമണത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭീകര സംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് അനുമാനിക്കുന്നത്. ആക്രമണത്തിന് പിന്നാലെ തീവ്രവാദികൾ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഭീകരർക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ജനുവരി 21 ന് ജമ്മുവിലെ ജുവൽ ചൗക്ക് പ്രദേശത്ത് വെടിവെപ്പ് നടന്നിരുന്നു. ജനുവരി 22 ന് സോപോറിലെ സലൂറയിൽ നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലായി മാറുകയും സുരക്ഷാ സേനയിലെ ഒരു ജവാൻ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.