ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) സംസ്ഥാന അധ്യക്ഷനും ചെന്നൈ പെരമ്പൂർ സ്വദേശിയുമായ ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്‌ത സംവിധായകനും ആക്‌ടിവിസ്റ്റുമായ പാ രഞ്ജിത്ത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് നിലവിലെ കേസന്വേഷണത്തിൽ നിരാശയും രേഖപ്പെടുത്തി. ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകം ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനുമാണ് ഇടയാക്കിയത്.
ഇതിനിടെയാണ് പ്രത്യക്ഷ വിമർശനവുമായി സംവിധായകൻ പാ രഞ്ജിത്തും രംഗത്തെത്തിയത്. കൊലപാതകത്തിൽ ഡിഎംകെ സർക്കാരിൽ നിന്ന് ഉത്തരം തേടുകയാണ് അദ്ദേഹം. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരുടെ ഫലപ്രാപ്‌തിയെ ചോദ്യം ചെയ്‌ത സംവിധായകൻ കേസന്വേഷണവുമായി ബന്ധപ്പെട്ട പൊലീസിന്‍റെ സമീപനത്തെയും ചോദ്യം ചെയ്‌തു. എക്‌സിലൂടെ ആയിരുന്നു പാ രഞ്ജിത്തിന്‍റെ പ്രതികരണം.
കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിക്കാതെ കുറ്റവാളികളുടെ കുറ്റസമ്മതം സ്വീകരിക്കാനുള്ള തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. "ഇങ്ങനെയാണോ നമ്മൾ ഡോ. ബാബാസാഹേബ് അംബേദ്‌കറുടെ പാരമ്പര്യത്തെ ആദരിക്കുന്നത്?. ദലിത് നേതാക്കൾക്ക് വാഗ്‌ദാനം ചെയ്‌ത നീതിയും സുരക്ഷയും എവിടെയാണ്?', തമിഴ്‌നാട്ടിലുടനീളമുള്ള ദലിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് ട്വീറ്റ് അവസാനിപ്പിച്ചത്.