ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കുന്നത് ബിജെപിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്‌ട്രീയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇത് പിന്‍വലിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം. ബുധനാഴ്‌ച (മാര്‍ച്ച് 13) മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ശ്രമിക്കുന്നത്. ഇത്തരം നിയമം നടപ്പിലാക്കുന്നതോടെ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിരവധി ദരിദ്രരായ ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യയിലെത്താന്‍ അവസരമൊരുക്കുകയാണ് ബിജെപി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിഎഎ നടപ്പാക്കിയതിന് പിന്നാലെ അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കോടി കണക്കിനാളുകളുടെ കുടിയേറ്റമുണ്ടാകും. ഇത് അപകടകരമായ സാഹചര്യമായിരിക്കും ഇന്ത്യയില്‍ സൃഷ്‌ടിക്കുക. മാത്രമല്ല 1947 നേക്കാള്‍ വലിയ കുടിയേറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടതായി വരുമെന്നും അതോടെ രാജ്യത്തെ ക്രമസമാധാനം തകിടം മറിയുമെന്നും ബലാംത്സംഗം കൊള്ളയടി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി 3.5 കോടി ന്യൂനപക്ഷങ്ങളുണ്ട്. അവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഇവിടെയെത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഎഎ റദ്ദാക്കണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും നിയമം റദ്ദാക്കിയില്ലെങ്കില്‍ ബിജെപിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരണം നടത്തി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ജനങ്ങള്‍ പണപ്പെരുപ്പം അഭിമുഖീകരിക്കുകയാണ്. തൊഴിലില്ലായ്‌മ ഇന്ത്യയിലെ യുവാക്കളെ ആശങ്കയിലാക്കുകയാണ്. ഇത്തരം ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരെ ഇന്ത്യയിലെത്തിച്ച് അവര്‍ക്ക് തൊഴില്‍ നല്‍കാനാണ് ബിജെപി സര്‍ക്കാരിന്‍റെ ശ്രമം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 11 ലക്ഷം സംരംഭകരും വ്യവസായികളുമാണ് ഇന്ത്യ വിട്ടത്. മറ്റിടങ്ങളില്‍ നിന്നും ജനങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് പകരം ഇന്ത്യ വിട്ട് പോയവരെ തിരികെ കൊണ്ടുവരണമെന്നും അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
കെജ്‌രിവാളിന്‍റെ പ്രതികരണത്തിന് തിരിച്ചടി: സിഎഎ നടപ്പാക്കുന്നതുമായി ബനധപ്പെട്ടുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. രാജ്യത്ത് താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്‌ത്യന്‍ അഭയാർഥികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് കെജ്‌രിവാളിന്‍റെ വാക്കുകളെന്ന് അദ്ദേഹം പറഞ്ഞു. സിഎഎ ജനങ്ങള്‍ക്ക് അഭയം നൽകാനുള്ള നിയമമാണെന്ന് പോലും മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും വീരേന്ദ്ര സച്ച്‌ദേവ പരിഹസിച്ചു. പീഡിപ്പിക്കപ്പെടുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും അഭയമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ പൗരത്വം എടുത്തുകളയരുത്. പാകിസ്ഥാനിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും എത്തിയവര്‍ നമ്മുടെ സ്വന്തമാണ്. അത് അങ്ങനെ തന്നെ തുടരും. ഇക്കാര്യം കെജ്‌രിവാൾ മനസിലാക്കേണ്ടതുണ്ടെന്നും വീരേന്ദ്ര സച്ച്‌ദേവ കൂട്ടിച്ചേര്‍ത്തു.