അമരാവതി: ആന്ധ്രാ പ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഗവർണറുടെ മുൻകൂർ അനുമതി വാങ്ങാതെ സിഐഡി കുറ്റപത്രം സമർപ്പിച്ചു. നൈപുണ്യ വികസന കോർപ്പറേഷന്‍റെ ഫണ്ട് ദുരുപയോഗം ചെയ്‌ത കേസിൽ 41 പേരെ പ്രതി ചേർത്താണ് എസിബി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം പൊതു പ്രതിനിധികൾക്കെതിരെ സമർപ്പിച്ച ഈ കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് ഗവർണറുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
എന്നാൽ സിഐഡി ഉദ്യോഗസ്ഥർ ഇക്കാര്യം പരിഗണിക്കാതെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഗവർണറുടെ അനുമതിയില്ലാത്തതിനാൽ കോടതി കുറ്റപത്രം തിരികെ നൽകാനാണ് സാധ്യത. 41 പേരെ പ്രതി ചേർത്ത കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ മന്ത്രി അച്ചൻനായിഡു, ആന്ധ്രാ പ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ (എപിഎസ്‌എസ്‌ഡിസി) സിഇഒ ഗന്ത സുബ്ബറാവു, ഡയറക്ടർ കെ. ലക്ഷ്‌മി നാരായണ, സീമെൻസ്, ഡിസൈൻ ടെക് തുടങ്ങിയ പൊതു പ്രതിനിധികളടക്കമുള്ളവരെ മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. നൈപുണ്യ വികസന കോർപ്പറേഷന്‍റെ ഫണ്ട് ദുരുപയോഗം ചെയ്‌തതിൽ ഇവർ അടക്കമുള്ളവർക്ക് പങ്കുള്ളതായി സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.