അമരാവതി (ആന്ധ്രാപ്രദേശ്) : വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായി വധശ്രമക്കേസിലെ പ്രതി ശ്രീനിവാസ റാവുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു (AP C M Jagan Mohan Reddy Cockfight Knife Attack Case). ജസ്‌റ്റിസുമാരായ യു ദുർഗാ പ്രസാദ് റാവുവും കിരൺമയി മാണ്ഡവയും അടങ്ങുന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഫെബ്രുവരി 8 ന് ജാനേപള്ളി ശ്രീനിവാസ റാവുവിന് ജാമ്യം അനുവദിച്ചത് (AP High Court Has Granted Bail To Srinivasa Rao). ജയിൽ മോചിതനായ ശ്രീനിവാസ റാവു കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
2018 ഒക്‌ടോബർ 25 ന് വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ച് അന്നത്തെ ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവായിരുന്ന ജഗൻ മോഹൻ റെഡ്ഡിയെ ശ്രീനിവാസ റാവു കോഴിപ്പോരിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. അതിനുശേഷം ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. പ്രതിയെ അറസ്‌റ്റ് ചെയ്‌ത് ദിവസങ്ങൾ പിന്നിട്ടിട്ടും ജഗൻ മോഹൻ റെഡ്ഡി മൊഴിയെടുക്കാൻ കോടതിയിൽ ഹാജരായിരുന്നില്ല.
രണ്ട് ആൾ ജാമ്യവും 25,000 രൂപയുടെ വ്യക്തിഗത ബോണ്ടും എന്ന ഉപാധികളോട് കൂടിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. മാത്രമല്ല മാധ്യമങ്ങളോട് സംസാരിക്കരുതെന്നും എല്ലാ ഞായറാഴ്‌ചയും ശ്രീനിവാസ റാവുവിന്‍റെ ജന്മനാടായ മുമ്മിടിവാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാരകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കോക്ക്ഫൈറ്റ് കത്തി കേസിൽ നീതി ആവശ്യപ്പെട്ട് ശ്രീനിവാസ റാവുവിന്‍റെ അമ്മയും പൊതുജനങ്ങളും ഇന്നലെ (08-02-2024) ഡൽഹി എപി ഭവനിലെ അംബേദ്‌കർ പ്രതിമയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു. ശ്രീനിവാസ റാവുവിന് പിന്തുണയുമായി നിരവധി പൊതു സംഘടന നേതാക്കളും സമതാ സൈനിക് ദളും ന്യൂനപക്ഷ അവകാശ സംരക്ഷണ സമിതിയും പ്രതിഷേധത്തിൽ പങ്കെടുത്തു.
തന്‍റെ മകന് ജാമ്യം ലഭിച്ചതിൽ ശ്രീനിവാസ റാവുവിന്‍റെ അമ്മ സാവിത്രി സന്തോഷം പ്രകടിപ്പിച്ചു. മകൻ നിരപരാധിയാണെന്നും ജയിലിൽ കഴിയുന്നതിനിടെ ആരോഗ്യനില വഷളായെന്നും എന്നും സാവിത്രി പറഞ്ഞു. ജാമ്യം ലഭിച്ചാല്‍ മാത്രമല്ല മുഴുവൻ കേസും തള്ളിയാൽ മാത്രമേ നീതി ലഭിക്കുന്നത് പരിഗണിക്കൂവെന്ന് പ്രതിയുടെ സഹോദരൻ സുബ്ബരാജു കൂട്ടിച്ചേർത്തു. തന്‍റെ സഹോദരൻ വധശ്രമം നടത്തിയിട്ടില്ലെന്നും സുബ്ബരാജു പറഞ്ഞു.