അമരാവതി:ഭര്‍ത്താവിനെതിരെ മത്സരിക്കാനൊരുങ്ങി ഭാര്യ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ ടെക്കാളി നിയമസഭ മണ്ഡലത്തിലാണ് ഭാര്യയും ഭര്‍ത്താവും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ ആദ്യ ദിവസം തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
വൈസിപിയുടെ സ്ഥാനാര്‍ഥിയായ എംഎല്‍സി ദുവ്വാദ ശ്രീനിവാസിന്‍റെ ഭാര്യ വാണിയാണ് താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്. ഈ മാസം 22ന് പത്രിക സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസിപിക്ക് വേണ്ടി മത്സരിക്കാനുള്ള തയാറെടുപ്പുകലെല്ലാം ഇവരുടെ ഭര്‍ത്താവ് ദുവ്വാദ ശ്രീനിവാസ് പൂര്‍ത്തിയാക്കിയിരുന്നു. അതിനിടെയാണ് ഭാര്യയുടെ അപ്രതീക്ഷിത എന്‍ട്രി.
ശ്രീനിവാസും വാണിയും നിരന്തരം കലഹത്തിലായിരുന്നു. ഇത് കാരണം ഇരുവരും ഇപ്പോള്‍ പിരിഞ്ഞാണ് കഴിയുന്നത്. ദുവ്വദ ശ്രീനിവാസിന്‍റെ സ്വഭാവം മണ്ഡലത്തില്‍ രാഷ്‌ട്രീയ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് നേരത്തെ തന്നെ വാണി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈസിപി ടെക്കാളി മണ്ഡലത്തില്‍ വാണിയെ പാര്‍ട്ടിയുടെ ചുമതലക്കാരിയായി നിയോഗിച്ചിരുന്നു.
വൈസിപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും വരെ ഇവര്‍ വളരെ സജീവമായിരുന്നു. ശ്രീനിവാസിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇവര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറി. വാണി നാമനിര്‍ദ്ദേശം നല്‍കാന്‍ ചില പ്രമുഖ നേതാക്കള്‍ ഉപദേശിച്ചതായും സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് വാണി താന്‍ ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : ഛത്തീസ്‌ഡില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം