ഹൈദരാബാദ്:ആന്ധ്രാപ്രദേശിലും തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലുമായി 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള പ്രധാനപ്പെട്ട മിക്ക റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവർത്തനത്തിനായി 26 ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി ഇതിനോടകം 12 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും 14 ടീമുകളെ കൂടി അയക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായു നിറയ്ക്കാവുന്ന ബോട്ടുകൾ, തൂണുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, അടിസ്ഥാന വൈദ്യ സഹായ ഉപകരണങ്ങൾ എന്നിവ എന്‍ഡിആര്‍എഫ് സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദക്ഷിണ മധ്യ റെയിൽവേ ശൃംഖലയിലെ 99 ട്രെയിനുകൾ പൂര്‍ണമായും നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 54 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ആയിരക്കണക്കിന് ആളുകളെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ചു. മഴയും വെള്ളപ്പൊക്കവും നേരിടാൻ കേന്ദ്ര സർക്കാരിൻ്റെ എല്ലാ സഹായവും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.