അമരാവതി (ആന്ധ്രാപ്രദേശ്) : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ അങ്ങേയറ്റം സന്തുഷ്‌ടനാണെന്ന് ആന്ധ്രാപ്രദേശ് ഐറ്റി, വ്യവസായ മന്ത്രി നാരാ ലോകേഷ്. ആന്ധ്രപ്രദേശിന്‍റെ വികസനവും സാമൂഹിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് സഹായിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും ലോകേഷ് എക്‌സില്‍ കുറിച്ചു.
'നമ്മുടെ പോരാട്ടം അംഗീകരിക്കപ്പെട്ടു എന്നത് ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. വ്യവസായ വളർച്ച, അടിസ്ഥാന സൗകര്യം, ജലസേചനം, എച്ച്ആർഡി തുടങ്ങി എല്ലാ സുപ്രധാന മേഖലകളെയും ഉൾപ്പെടുത്തി സമഗ്രമായ പാക്കേജാണ് നമുക്ക് നൽകിയത്. അമരാവതിക്കും പോളവാരത്തിനും നൽകിയ ഉദാരമായ സംഭാവനകളെ പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ എക്കാലവും ഓര്‍മിക്കാവുന്ന ദിനമായി അടയാളപ്പെടുത്തും. നമ്മുടെ സ്വപ്‌നങ്ങളുടെ, സംസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ആദ്യ ചുവടുവയ്‌പ്പാണിത്.'- നാരാ ലോകേഷ് എക്‌സില്‍ കുറിച്ചു.
സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ബജറ്റാണിതെന്ന് കേന്ദ്രമന്ത്രി രാംമോഹനും പ്രതികരിച്ചു. ജഗന്‍റെ അഞ്ച് വർഷത്തെ ഭരണത്തിൽ ആന്ധ്രപ്രദേശ് 20 വർഷം പിന്നോട്ട് പോയെന്നും രാംമോഹൻ ആരോപിച്ചു.