മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്കാണ് തിരിതെളിച്ചത്. 2026 മാർച്ചോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ മവോയിസ്റ്റുകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് 'അജണ്ട ആജ് തക് 2024' പരിപാടിയിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രി പറഞ്ഞത്. മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന സമീപനങ്ങളെ സ്വാധീനിക്കാന്‍ മാത്രം ശക്തമാണ് ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്‌താവന.
കൃത്യമായ ഒരു സമയപരിധിക്കുളളില്‍ (മാര്‍ച്ച് 2026) മവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പിച്ച് പറയുന്നത് ഒരേ സമയം സമാധാനവും ആശങ്കയും ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സര്‍ക്കാര്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങളിലൂടെ വലിയ രീതിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെടുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെയും സാധാരണ ജനങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനും കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മരണ നിരക്ക് നൂറില്‍ താഴെയാണെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു. ഈ അവകാശവാദം എത്രത്തോളം ശരിയാണ് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആണെങ്കിലും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കീഴടങ്ങിയ 30 മാവോയിസ്റ്റുകളുമായി ആഭ്യന്തര വകുപ്പ് ചര്‍ച്ച നടത്തുകയും ആയുധങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ അതിര്‍ത്തിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. കീഴടങ്ങാന്‍ തയ്യാറാവാത്ത ആളുകള്‍ സുരക്ഷ സേനയില്‍ നിന്ന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ഇത് മാവോയിസ്റ്റുകളെ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും പഴക്കമുളള സായുധ പ്രസ്ഥാനങ്ങളിലൊന്നായ മാവോയിസ്റ്റ് സംഘടനയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന് മുമ്പിൽ അതിജീവിക്കാന്‍ ശക്തമായി പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നത് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുളളില്‍ മാവോയിസ്റ്റ് ആക്രമണങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള സമീപനങ്ങളെയും മവോയിസ്റ്റ് നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും സംഭവിച്ചിട്ടുളള മാറ്റങ്ങളെ കുറിച്ചുമാണ് വിശകലനം ചെയ്യുന്നത്.
ഒരു പതിറ്റാണ്ടിനുളളില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെയുളള സര്‍ക്കാര്‍ സമീപനത്തിലുണ്ടായ മാറ്റങ്ങള്‍:കഴിഞ്ഞ ഒരു പതിറ്റാണ്ടിനുളളില്‍ മാവോയിസ്റ്റുകളെ നേരിടുന്നതില്‍ സര്‍ക്കാരുകള്‍ പഴയ രീതികള്‍ പിന്തുടരുന്നതിനൊപ്പം പുതിയ പല രീതികളും അപലപിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് തന്ത്രങ്ങളാണ് സര്‍ക്കാര്‍ പൊതുവേ സ്വീകരിച്ചിരുന്നത്.
- മാവോയിസ്റ്റ് അക്രമം തടയുന്നതിന് വേണ്ടി നടത്തുന്ന സൈനിക നീക്കം.
- മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അതുവഴി മാവോയിസ്റ്റ് പ്രസ്ഥാനത്തോടുളള അവരുടെ താത്‌പര്യം ഇല്ലാതാക്കുന്ന വികസന തന്ത്രം.
- കീഴടങ്ങുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് മുഖ്യധാരാ സമൂഹത്തിലേക്ക് തിരിച്ച് വരാനുളള അവസരം ഒരുക്കുന്ന പുനരധിവാസ തന്ത്രം.
ഇത് കൂടാതെ പുതിയ ഒരു തന്ത്രം കൊണ്ടുവന്നിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പുതിയ നയം. സാധാരണക്കാരുടെ ആവശ്യങ്ങള്‍ എത്രത്തോളം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു ചോദ്യമാണെങ്കിലും സംസ്ഥാനത്തിന്‍റെ വികസനത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്.
മാവോയിസ്റ്റുകളെ നേരിടാന്‍ 'സമാധാന്‍' എന്ന ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നിട്ടുണ്ട്. സമർഥമായ നേതൃത്വം, ആക്രമണാത്മക സൈനിക തന്ത്രം, പ്രചോദനവും പരിശീലനവും, പ്രവർത്തനക്ഷമമായ ബുദ്ധി വൈഭവം, ഡാഷ്‌ബോർഡ് അടിസ്ഥാനമാക്കിയുള്ള കീ പെർഫോമൻസ് ഇൻഡിക്കേറ്ററുകളും (കെപിഐകൾ) പ്രധാന റിസൾട്ട് ഏരിയകളും (കെആർഎ), സാങ്കേതിക വിദ്യയുടെ വിനിയോഗം, ഓരോ മേഖലയിലും ഒരു കർമ്മ പദ്ധതി, മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ലഭിക്കുന്ന ധനസഹായം തടയുക എന്നീ എട്ട് മേഖലയെ കേന്ദ്രീകരിച്ചുളളതാണ് 'സമാധാന്‍' തന്ത്രം.
'സമാധാന്‍' നടപ്പിലാക്കിയതിന്‍റെ ഭാഗമായി കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെയും അറസ്റ്റ് ചെയ്യപ്പെടുന്ന മാവോയിസ്റ്റുകളുടെയും എണ്ണത്തില്‍ വലിയ രീതിയിലുളള കുറവ് സംഭവിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. സൗത്ത് ഏഷ്യന്‍ ടെററിസ്റ്റ് പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് 2014 മുതല്‍ ഇതുവരെ 1,700 മാവോയിസ്റ്റുകള്‍ മരിക്കുകയും, 6,487 പേര്‍ അറസ്റ്റിലാവുകയും 11,413 പേര്‍ കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്.
ചത്തീസ്‌ഗഢില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സുരക്ഷ സേന നിരവധി ഓപ്പറേഷനുകള്‍ നടത്തുകയും ഒരുപാട് മാവോയിസ്റ്റുകളെ വധിക്കുകയും ചെയ്‌തിട്ടുണ്ട്. വിജയം കൈവരിക്കുന്ന ഈ സൈനിക നീക്കങ്ങളും കുറഞ്ഞ് വരുന്ന മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളും ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയുടെ വിശ്വാസ്യത കൂട്ടുന്നതാണ്. എന്നാല്‍ മാവോയിസ്റ്റ് സ്വാധീനം ചുരുക്കം ചില പ്രദേശങ്ങളിലേക്ക് മാത്രമായി ഒതുങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുരഞ്ജനത്തിനാണ് ശ്രമിക്കേണ്ടത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.