പട്‌ന:മൂന്നാമത്തെ തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയാല്‍ ജമ്മു കശ്‌മീരിൽ സെക്ഷൻ 370 തിരികെ കൊണ്ടുവരാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് മുത്തലാഖും മുസ്ലീം വ്യക്തിനിയമവും കൊണ്ടുവരുമെന്നാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ പറയുന്നത്. എന്നാല്‍, അവര്‍ക്ക് ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കാൻ കഴിയില്ല. ബിജെപി രാജ്യത്ത് അധികാരം നിലനിര്‍ത്തുകയും മുത്തലാഖും മുസ്ലീം വ്യക്തിനിയമവും രാജ്യത്ത് നടപ്പാക്കാതെ യുസിസി നടപ്പാക്കുകയും ചെയ്യും.
ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നുണ്ട്. ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആർക്കും ജമ്മു കശ്‌മീരിൽ സെക്ഷൻ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.