ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തി വച്ചു. ബല്‍താന്‍, പഹല്‍ഗാം പാതകളിലൂടെയുള്ള യാത്രകള്‍ക്കാണ് വിലക്ക്. കഴിഞ്ഞ രാത്രി മുതല്‍ മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റി വച്ചിരിക്കുന്നത്.
തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഇതുവരെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 3,800 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തില്‍ സ്വഭാവികമായി മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗ ദര്‍ശനത്തിനായാണ് ഭക്തര്‍ എത്തുന്നത്.
ജൂണ്‍ 29നാരംഭിച്ച തീര്‍ഥാടനം അടുത്തമാസം 19ന് സമാപിക്കും. രണ്ട് പാതകളിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനന്തനാഗിലെ നന്‍വാന്‍ - പഹല്‍ഘാം വഴി ക്ഷേത്രത്തിലെത്താം.
ഗന്ദര്‍ബാലിലെ ബാല്‍തലിലൂടെ കുത്തനെയുള്ള കയറ്റം കയറിയും ക്ഷേത്രത്തിലെത്താം. ഇത് വഴി പതിനാല് കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മതിയാകും. കനത്ത സുരക്ഷയിലാണ് എല്ലാവര്‍ഷവും ഇവിടെ തീര്‍ഥാടനം നടത്തി വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ളവ വഴികളില്‍ സജ്ജമാക്കും.
താമസം, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, ആരോഗ്യ സേവനങ്ങൾ, അഗ്നിശമന സേവനങ്ങള്‍ എന്നിവയും ഉറപ്പാക്കും. തീർഥാടന പാതകളിൽ പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, നഴ്‌സിങ് സ്റ്റാഫ്, ഡ്യൂട്ടി ഓഫിസർമാർ, റിലീഫ് ആൻഡ് റെസ്‌ക്യൂ ടീമുകൾ, സാനിറ്റേഷൻ സ്റ്റാഫ് എന്നിവരെ വിന്യസിക്കും. ഹെലികോപ്‌ട്‌ര്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയും സജ്ജമാക്കും.
അതിനിടെ, ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഇന്നലെ നുൻവാൻ ബേസ് ക്യാമ്പും ചന്ദൻവാരിയും സന്ദർശിച്ച് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. 'രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമുള്ള തീർഥാടകർ ഇപ്പോൾ ജമ്മുകശ്‌മീരിന്‍റെ ബ്രാന്‍ഡ് അംബാസഡർമാരാണ്. ആത്മീയ തീർഥാടനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ തദ്ദേശവാസികൾക്ക് ഉപജീവനമാർഗം സൃഷ്‌ടിക്കുകയും ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയും ചെയ്യുന്നു'- ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു. തീര്‍ഥാടകര്‍ കശ്‌മീരിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. അവര്‍ക്ക് സുരക്ഷിത യാത്ര സൗകര്യമൊരുക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും' ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നേരത്തെ പറഞ്ഞിരുന്നു.
നാലര ലക്ഷം തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഗുഹാക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 36 തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഉയരത്തിൽ ഓക്‌സിജൻ സാന്ദ്രത കുറയുന്നത് മൂലമുണ്ടാകുന്ന ഹൃദയസ്‌തംഭനമാണ് ഇവിടെയുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം.
Also Read:'കുറ്റവാളികള്‍ രക്ഷപ്പെടരുത്'; ഹത്രാസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ - Bhole Baba First Responds