ന്യൂഡൽഹി :എക്‌സിറ്റ് പോൾ ചർച്ചകളിൽ ഇന്ത്യ സഖ്യത്തിലെ മുഴുവൻ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഏകകണ്‌ഠമായി തീരുമാനിച്ചതായി കോൺഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയർമാനുമായ പവൻ ഖേര. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പവൻ ഖേര ഇന്ത്യ സഖ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ അലയൻസ് യോഗത്തിലാണ് തീരുമാനം.
ടെലിവിഷന്‍ ചാനലുകളുടെ ലോക്‌സഭ എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. എന്നാൽ ബിജെപിയെയും അതിൻ്റെ മെഷിനറിയെയും തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് പവൻ ഖേര പോസ്റ്റിൽ പറഞ്ഞു. ചർച്ചകളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പവൻ ഖേരയുടെ എക്‌സ് പോസ്റ്റ് ഇങ്ങനെ:'എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട് ബിജെപിയെയും അതിൻ്റെ മെഷിനറിയെയും തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് ഇന്ത്യൻ അലയൻസ് യോഗത്തിൽ തീരുമാനിച്ചു. എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാ വശങ്ങളും ചർച്ച ചെയ്‌ത ശേഷം, എക്‌സിറ്റ് പോൾ ചർച്ചകളിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഏകകണ്‌ഠമായി തീരുമാനിച്ചു.'