ലഖ്‌നൗ (ഉത്തർപ്രദേശ്) : കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ലാഭക്കൊള്ള നടത്തുന്നവര്‍ക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കർഷകർക്ക് മിനിമം താങ്ങുവില (MSP) നൽകാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ മൂന്ന് രാജ്യസഭ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാസമര്‍പ്പണത്തിന് ശേഷം ചൊവ്വാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Akhilesh Yadav on farmers march).
കർഷകരുടെ പേരിൽ വോട്ട് നേടാൻ ആഗ്രഹിക്കുന്ന സർക്കാർ എന്തിനാണ് എംഎസ് സ്വാമിനാഥനും കർഷക നേതാവായ ചൗധരി ചരൺ സിങ്ങിനും ഭാരതരത്‌ന നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഒന്നുകിൽ മിനിമം താങ്ങുവില നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ വൻകിടക്കാരുമായും ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരുമായുളള സർക്കാരിന്‍റെ ഒത്തുകളിയാണിത്. കർഷകരുടെ ശബ്‌ദത്തെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തെ അദ്ദേഹം വിമർശിച്ചു. ഇരുമ്പ് ആണികൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, കണ്ടെയ്‌നറുകൾ എന്നിവ സ്ഥാപിച്ച് കർഷകരുടെ നീക്കം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണത്തിലൂടെ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ശബ്‌ദം അടിച്ചമർത്താൻ ഡൽഹിയിലെ സർക്കാർ ബോധപൂർവം ആഗ്രഹിക്കുന്നുണ്ട്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മിനിമം താങ്ങുവില നടപ്പാക്കുമെന്നും വിളകൾക്ക് നല്ല വില ലഭിക്കുമെന്നും കർഷകരോട് ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ വാഗ്‌ദാനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് കർഷകർ സമരത്തിനിറങ്ങിയത് നിങ്ങൾ ഓർക്കുന്നുണ്ടാവും. ഈ പ്രക്ഷോഭത്തിലൂടെ 800-ലധികം കർഷകര്‍ക്ക് ജീവൻ നഷ്‌ടമായി. എന്നാൽ അതിന് ശേഷവും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.
കർഷകൻ കൊല്ലപ്പെട്ടു :ഉത്തർപ്രദേശിലെ ബിഹാരി ഗൗതിയ ഗ്രാമത്തിലെ വയലിൽ കർഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർഷകനായ മുക്കദ്ദമാണ് (45) കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തൻ്റെ വയൽ നോക്കാൻ തിങ്കളാഴ്‌ച രാത്രി കർഷകൻ പോയിരുന്നു. എന്നാൽ പിറ്റേദിവസം രാവിലെ വീട്ടുകാർ ഫാമിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലം പരിശോധിച്ചതായും കുടുംബാംഗങ്ങളുമായി സംസാരിച്ചതായും സീനിയർ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു. പ്രഥമദൃഷ്ട്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നും പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.