ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ പ്രധാനകാരണം അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നെത്തുന്ന ബസുകളാണെന്ന ആരോപണവുമായി എഎപി സര്‍ക്കാര്‍. ആനന്ദ് വിഹാര്‍ മേഖലയിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍. മുഖ്യമന്ത്രി അതിഷിയും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ഇന്ന് ആനന്ദ് വിഹാര്‍ മേഖലയില്‍ പരിശോധന നടത്തി.
രാവിലെ 8.30ന് ഇവിടുത്തെ അന്തരീക്ഷ ഗുണനിലവാര സൂചിക(എക്യൂഐ) 454ലേക്ക് താഴ്‌ന്നിരുന്നു. ഇത് അതി തീവ്രവിഭാഗത്തിലാണ് പെടുന്നത്. അന്തരീക്ഷ ഗുണനിലവാരം ഉറപ്പാക്കാന്‍ മലിനീകരണ വിരുദ്ധ നടപടികള്‍ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊടിനിയന്ത്രിക്കാനായി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
99 സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 325 സ്‌മോഗ് ഗണുകള്‍ കൊണ്ടുവരാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. പൊതുമരാമത്തും മുനിസിപ്പാലിറ്റിയും മലിനീകരണം തടയാന്‍ സര്‍വ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയാണ് ആനന്ദ് വിഹാര്‍. ഇവിടെയാണ് മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതിലുള്ളത്. താനും പരിസ്ഥിതി മന്ത്രിയും നേരിട്ടെത്തി ഇവിടുത്തെ മലിനീകരണ നിയന്ത്രണ നടപടികള്‍ പരിശോധിച്ചുവെന്നും അതിഷി വ്യക്തമാക്കി.
പൊടിശല്യം നിയന്ത്രിക്കാനായി എല്ലാ പാതകളിലും അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അതിഷി വ്യക്തമാക്കി. യമുന നദിയിലെ വര്‍ധിച്ച് വരുന്ന മലിനീകരണത്തിലും അതിഷി ആശങ്ക പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേശും ഹരിയാനയും അവരുടെ മാലിന്യങ്ങള്‍ യമുനയിലേക്ക് ഒഴുക്കുന്നുണ്ട്. ഇക്കാര്യവും ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അതിഷി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശില്‍ നിന്നെത്തുന്ന ബസുകളുടെ പ്രശ്‌നം പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ചൂണ്ടിക്കാട്ടി. ഈ ബസുകളില്‍ നിന്നുള്ള പുക ഡല്‍ഹിയിലെ മലിനീകരണം ഇരട്ടിയാക്കുന്നു. കൗശംബി ബസ് ഡിപ്പോയില്‍ വെള്ളം തളിക്കല്‍ നടപടി ഏര്‍പ്പെടുത്തണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ അന്തരീക്ഷ നില വളരെ മോശം നിലവാരത്തിലാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായി ആനന്ദ് വിഹാര്‍ മേഖലയിലെ മലിനീകരണത്തോത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഡല്‍ഹിയിലെ ബസ് ടെര്‍മിനല്‍ ആനന്ദ് വിഹാറിലാണ്. ഇതിന് എതിര്‍വശത്തായാണ് കൗശംബി ബസ് ടെര്‍മിനലും.
ഇരു ഡിപ്പോകളിലേക്കും ഉത്തര്‍പ്രദേശില്‍ നിന്ന് ധാരാളം ഡീസല്‍ ബസുകള്‍ എത്തുന്നുണ്ട്. ഈ ബസുകളില്‍ നിന്നുള്ള പുക ഡല്‍ഹിയിലെ മലിനീകരണത്തോത് ഇരട്ടിയാക്കുന്നു. കൗശംബി ബസ് ഡിപ്പോയില്‍ വെള്ളം തളിക്കല്‍ നടപടി കൈക്കൊള്ളണം. സംയുക്തമായി മലിനീകരണ പ്രശ്‌നത്തെ നേരിടാമെന്നും ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.
ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും പിന്നീട് വീഡിയോ എടുക്കുകയും ചെയ്യുന്നുവെന്നാണ് യമുന നദിയിലെ മലിനീകരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണം. നമ്മുടെ ജോലി ഇത് വൃത്തിയാക്കുക എന്നതാണ്. വൃത്തിയാക്കല്‍ നടക്കുകയാണ്. ഛാട്ട്പൂജയ്ക്കുള്ള തയാറെടുപ്പിലാണ് നമ്മള്‍. കാളിന്ദി കുഞ്ജില്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തുന്ന എല്ലാ മാലിന്യങ്ങളും നമ്മള്‍ വൃത്തിയാക്കുന്നു.
Also Read:യമുന നദിയില്‍ നുരഞ്ഞുപൊന്തി വിഷപ്പത; ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷം
ഞായറാഴ്‌ച രാവിലെ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതാണ് ഇതിന് കാരണം. ദ്വാരക സെക്‌ടര്‍ എട്ടില്‍ അന്തരീക്ഷ ഗുണനിലവാരം രാവിലെ 8.30ന് 311ല്‍ എത്തി. ഐടിഒയില്‍ ഇത് 350 ആയിരുന്നു. വളരെ മോശം വിഭാഗത്തിലാണ് ഇത് വരുന്നത്.
നെഹ്റു പാര്‍ക്കില്‍ എക്യുഐ 254ആണ്. ഇതും മോശം വിഭാഗത്തിലാണ്. കടുത്ത വിഭാഗത്തില്‍ വരുന്ന സ്ഥലങ്ങളില്‍ ആരോഗ്യവാന്‍മാരായ ആളുകളെ പോലും അന്തരീക്ഷ മലിനീകരണം ബാധിക്കാം. അസുഖങ്ങള്‍ ഉള്ളവര്‍ ഗുരുതരാവസ്ഥയിലേക്കും പോകാം. മോശം വിഭാഗത്തിലുള്ള അന്തരീക്ഷ മലിനീകരണം ശ്വാസം മുട്ട് പോലുള്ളവയ്ക്കും കാരണമാകാം. വളരെ മോശം വിഭാഗത്തിലുള്ളയിടങ്ങളിലെ ആളുകള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നത്തിലേക്ക് പോകാം.