ന്യൂഡല്‍ഹി : കൂട്ടത്തോടെ സിക്ക് ലീവെടുത്ത് മിന്നൽ സമരം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. 25 കാബിന്‍ ക്ര്യൂ അംഗങ്ങളെയാണ് പിരിച്ചുവിട്ടത്. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
ജോലി തടസപ്പെടുത്തും വിധം അവധിയെടുത്തുവെന്നും ഇത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഫ്ലൈറ്റ് ഓപ്പറേഷന് തൊട്ടുമുമ്പായി അവധിയെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മൊബൈല്‍ സ്വിച്ച് ഓഫാക്കിയെന്നും എയര്‍ ഇന്ത്യ ആരോപിക്കുന്നു. മുന്‍കൂട്ടി അവധിയെടുക്കുന്നത് അറിയിക്കാത്തതും ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയാത്തതുമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനെതിരെ യാത്രക്കാരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജോലി തടസപ്പെടുത്തുംവിധം അവധിയെടുത്തതുകൊണ്ടാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ന്യായമായ കാരണങ്ങളില്ലാതെയാണ് പലരും അവധിയെടുത്തതെന്നും അതാണ് ഇത്തരമൊരു നടപടിക്ക് കാരണമായതെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ് പറഞ്ഞു. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ നിരവധി വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇത് യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാവുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നത് വരെ ഏതാനും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിഇഒ പറഞ്ഞു.