ഹൈദരാബാദ്: പ്രായമായവരിൽ കാണപ്പെട്ടിരുന്ന ബ്രെയിന്‍ സ്‌ട്രോക്ക് ഇപ്പോൾ യുവാക്കളെയും കീഴ്‌പ്പെടുത്തുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം കൂടുതലും 21 വയസിന് താഴെയുള്ള യുവാക്കൾ ഇതിന് ഇരയാകുന്നു(Brain Stroke Attacking The Young Population Says AIIMS Study). നിലവിൽ മസ്‌തിഷ്‌കാഘാതം ചെറുപ്പക്കാരോ പ്രായമായവരോ എന്ന വ്യത്യാസമന്ന്യേ എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും പ്രത്യേകിച്ചും യുവാക്കളെ വേട്ടയാടുന്നുണ്ടെന്നും ഡൽഹി എയിംസ് പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.
ഓരോ 100 മസ്‌തിഷ്‌കാഘാത കേസുകളിൽ രണ്ടെണ്ണമെങ്കിലും 20 വയസിന് താഴെയുള്ളവരാണെന്നും എയിംസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം തളർവാതം ബാധിച്ച 300 രോഗികളിൽ 77 പേരും അതായത് 25 ശതമാനം രോഗികളും 21 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തി.
തെലങ്കാനയിലെ നിംസ്, ഗാന്ധി, ഒസ്‌മാനിയ ആശുപത്രികളിലെത്തുന്ന രോഗികളിൽ 40 വയസിന് താഴെയുള്ള യുവാക്കളുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. എല്ലാ രോഗികളിലും 15 ശതമാനം വരെ യുവ ഇരകളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മസ്‌തിഷ്‌കാഘാതത്തെ സംബന്ധിച്ചിടത്തോളം, ഉയർന്ന രക്തസമ്മർദ്ദമാണ് രോഗത്തിന്‍റെ പ്രധാന കാരണം. വർഷത്തിലൊരിക്കൽ പോലും രക്തസമ്മർദ്ദം പരിശോധിക്കാത്തവരാണ് ഭൂരിഭാഗം പേരുമെന്ന് എയിംസ് റിപ്പോർട്ട്.