ചെന്നൈ: കള്ളക്കുറിച്ചി വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ അസാധാരണ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോഴാണ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ അണ്ണാ ഡി എം കെ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റത്. അമ്പതാളുകള്‍ കൊല്ലപ്പെട്ട കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത് സ്പീക്കര്‍ അംഗീകരിച്ചില്ല. ചോദ്യോത്തര വേള പൂര്‍ത്തിയാക്കിയ ശേഷം ശൂന്യ വേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ എം അപ്പാവു അറിയിച്ചു.
വഴങ്ങാതെ അണ്ണാ ഡി എം കെ അംഗങ്ങള്‍ ബഹളം തുടരുന്നതിനിടയിലാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷാംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ റൂളിങ്ങ് നല്‍കിയത്.ഇതനുസരിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് അണ്ണാ ഡി എം കെ അംഗങ്ങളെ സഭയില്‍ നിന്ന് ബലം പ്രയോഗിച്ച് നീക്കി. രാവിലെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് അണ്ണാ ഡിഎം കെ അംഗങ്ങള്‍ സഭാ സമ്മേളനത്തിനെത്തിയത്. അണ്ണാ ഡി എംകെ അംഗങ്ങളെ പുറത്താക്കാന്‍ ഉത്തരവ് നല്‍കിയ സ്പീക്കര്‍ ഒരു ദിവസത്തെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അണ്ണാ ഡി എംകെ അംഗങ്ങളെ വിലക്കി.