ബെംഗളൂരു:വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കിഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർഷോയായ എയ്‌റോ ഇന്ത്യ 2025 ന് തുടക്കമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എയർ ഷോ ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
മുഖാമുഖം വന്നാല്‍ തീതുപ്പുന്ന പോര്‍വിമാനങ്ങള്‍ ബംഗളൂരുവിന്‍റെ നഭസില്‍ ഒരുമിച്ചണിനിരന്നു. അമേരിക്കയുടെ എഫ് 35 ഉം റഷ്യയുടെ സുഖോയ് 57 ഉം ബെംഗളൂരു എയര്‍ഷോക്ക് പ്രൗഢിയേകി. ഗവേഷണം, വികസനം, ഉത്‌പാദനം എന്നിവയിൽ ആഗോള പ്രതിരോധ സഹകരണത്തിന് രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്‌തു.
'എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയുടെ തെളിവാണ് എയ്‌റോ ഇന്ത്യ. പ്രതിരോധ സഹകരണം, ഗവേഷണം, ഉത്‌പാദനം എന്നിവയിൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം വളർത്തിയെടുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
കേവലം വാങ്ങൽ കൊടുക്കൽ ബന്ധത്തിനപ്പുറത്തേക്ക് ആഗോള പങ്കാളിത്തങ്ങളെ വ്യാവസായിക സഹകരണത്തിന്‍റെ തലത്തിലേക്ക് ഉയർത്തണം. സൗഹൃദ രാജ്യങ്ങളുമായുള്ള സഹഉത്‌പാദനത്തിന്‍റെയും സഹവികസനത്തിന്‍റെയും നിരവധി വിജയകരമായ ഉദാഹരണങ്ങൾ നമുക്ക് മുന്‍പിലുണ്ടെന്നും' രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
'എയ്‌റോ ഇന്ത്യ' എയർ ഷോയിൽ നിന്നുള്ള ദൃശ്യങ്ങള്‍ (ETV Bharat) 'എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ വിശാലമായ സാധ്യതകളുടെ പ്രതിഫലനമായി 'ദി റൺഅവേ ടു എ ബില്യൺ ഓപ്പർച്യുണിറ്റീസ്' എന്ന പരിപാടി എടുത്തുകാണിച്ചുകൊണ്ട്, പ്രതിരോധ സാങ്കേതിക പുരോഗതിക്കുവേണ്ടിയുള്ള ഒരു ആഗോള കേന്ദ്രമായി മാറാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സിംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതിരോധ ബജറ്റിലെ ഗണ്യമായ വർധനവ് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ബജറ്റ് വിഹിതം 6.18 ലക്ഷം കോടി രൂപയായി വർധിച്ചു. ഈ വർഷം മാത്രം 9.3 ശതമാനമാണ് വർധനവ്. പ്രതിരോധ ഉത്‌പാദനത്തിന്‍റെ 80 ശതമാനം ഇപ്പോൾ ആഭ്യന്തരമായി നടക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യയുടെ പുരോഗതി എടുത്തുകാണിച്ച സിംഗ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) മഹാരത്‌ന പദവി ലഭിച്ചിട്ടുണ്ടെന്നും ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് പോലുള്ള സംയുക്ത സംരംഭങ്ങൾ 295 വ്യത്യസ്‌ത പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാന്‍ നേതൃത്വം നൽകുന്നുണ്ടെന്നും പറഞ്ഞു.
എയ്‌റോ ഇന്ത്യ 2025 നെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുമായും പ്രതിരോധ മന്ത്രി താരതമ്യം ചെയ്‌തു. മഹാ കുംഭമേള ലക്ഷക്കണക്കിന് ആളുകളെ ആത്മീയമായി ബന്ധിപ്പിക്കുന്നു. എയർ ഷോ എയ്‌റോസ്‌പേസ് വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവരുന്നു. എയ്‌റോ ഇന്ത്യ ഒരു എയ്‌റോനോട്ടിക്കൽ പവർഹൗസ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Fighter aircraft showcased at Aero India (ANI) എയ്‌റോ ഇന്ത്യ വെറുമൊരു പ്രദർശനമല്ല, ഇന്ത്യയുടെ വളരുന്ന എയ്‌റോസ്‌പേസ് ശക്തിയുടെ തെളിവും അന്താരാഷ്ട്ര പങ്കാളിത്തം വളർത്തുന്നതിനുള്ള ഒരു വേദിയുമാണിതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭിപ്രായപ്പെട്ടു. 2013 ൽ ഒരു എയ്‌റോസ്‌പേസ് നയം അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനമാണ് കർണാടക.
ദേവനഹള്ളിക്ക് സമീപം 1,000 ഏക്കർ എയ്‌റോസ്‌പേസ് പാർക്ക് സ്ഥാപിച്ചു. ലോകോത്തര ഗവേഷണ സ്ഥാപനങ്ങൾ, അത്യാധുനിക എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവയുള്ള ബെംഗളൂരുവിനെ ഇന്ത്യയുടെ വ്യോമയാന പുരോഗതിയുടെ പ്രഭവകേന്ദ്രമായും അദ്ദേഹം വിശേഷിപ്പിച്ചു.
ഫെബ്രുവരി 14 വരെ യലഹങ്ക എയർ ബേസിൽ നടക്കുന്ന എയർ ഷോയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എയർ ഷോകളുടെ പശ്ചാത്തലത്തിൽ അനധികൃത ഡ്രോൺ പ്രവർത്തനം തടയുന്നതിനായി റെഡ് ഡ്രോൺ സോണുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സഹായം ഉറപ്പു വരുത്തുന്നതിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ റാപ്പിഡ് മൊബൈൽ യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്.
എഐ അധിഷ്‌ഠിത സുരക്ഷയ്ക്കാണ് ഇത്തവണ മുൻഗണന നൽകിയിട്ടുള്ളത്. യലഹങ്ക എയർ ബേസിന് ചുറ്റും 24 മണിക്കൂർ സിസി ക്യാമറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ ദുരന്ത നിവാരണ, അഗ്നി സുരക്ഷാ സേനകള്‍ സജ്ജമാണ്. നെറ്റ്‌വർക്ക് ജാമുകൾ ഒഴിവാക്കാൻ താത്‌കാലിക മൊബൈൽ ടവറുകളും നെറ്റ്‌വർക്ക് ബൂസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
തത്സമയ അപ്‌ഡേറ്റുകൾ, നാവിഗേഷൻ സഹായങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ ഡിസ്‌പ്ലേ എന്നിവയും എയ്‌റോ ഇന്ത്യ-2025 മൊബൈൽ ആപ്പിൽ ലഭ്യമാകും. പ്രമുഖ പ്രതിരോധ സ്ഥാപനങ്ങൾ, എയ്‌റോസ്‌പേസ് കമ്പനികൾ, സൈനിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന എയ്‌റോ ഇന്ത്യയുടെ 15-ാം പതിപ്പിൽ 450 ഓളം ആഭ്യന്തര, 50 ലധികം വിദേശ പ്രദർശകർ അടക്കം 7 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോയിൽ പ്രധാന പ്രഖ്യാപനങ്ങളും പങ്കാളിത്തങ്ങളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Also Read:പ്രതാപ് ബാജ്വയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആപ് നേതാക്കൾ; അടിയന്തര യോഗം വിളിച്ച് കെജ്‌രിവാൾ