ഹൈദരാബാദ്:നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താരം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലും ഭോജ്‌പുരിയിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അമൃത. ഇതിന് പുറമെ ഇരുഭാഷകളിലുമായി നിരവധി ഷോകളിലും വെബ്‌സീരിസുകളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
മരണത്തിന് തൊട്ടുമുമ്പ് നിഗൂഢമായ ഒരു സ്റാറ്റസ് താരം തന്‍റെ വാട്‌സാപ്പില്‍ പങ്കുവച്ചിരുന്നു. ജോഗ്‌സര്‍ പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൊബൈല്‍ ഫോണും മറ്റ് ചില വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ അന്വേഷണത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.
അതേസമയം ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് വാട്‌സാപ്പില്‍ പങ്കുവച്ച ഒരു ഗൂഢമായ പോസ്‌റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ ജീവിതം രണ്ട് വള്ളത്തിലായിരുന്നു. താന്‍ സ്വയം മുങ്ങി അവരുടെ യാത്ര സുഗമമാക്കുകയാണ് എന്നര്‍ഥം വരുന്ന സ്‌റ്റാറ്റസാണ് താരം വാട്‌സാപ്പില്‍ പങ്ക് വച്ചത്. മതിയായ അവസരങ്ങള്‍ കിട്ടാത്തത് മൂലം താരം ഏറെ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.