ന്യൂഡൽഹി : ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി. സെപ്‌റ്റംബർ 23 വരെ അമാനത്തുള്ള ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്ന് പ്രത്യേക ജഡ്‌ജി രാകേഷ് സിയാൽ ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
നേരത്തെ അനുവദിച്ച ഏഴ് ദിവസത്തെ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഖാനെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജഡ്‌ജി ഉത്തരവിട്ടത്.
വിട്ടയച്ചാൽ ഖാൻ സാക്ഷികളെ സ്വാധീനിക്കുകയും അന്വേഷണത്തെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് ഇഡി കോടതിയില്‍ വാദിച്ചു. റിമാൻഡ് കാലയളവിൽ ഖാൻ അന്വേഷണങ്ങളോട് സഹകരിക്കാതിരുന്നതായും ഏജൻസി കോടതിയെ അറിയിച്ചു.
സെപ്‌റ്റംബർ 2 നാണ് അമാനത്തുള്ള ഖാന്‍റെ ഓഖ്‌ലയിലെ വസതിയിൽ ഇഡി പരിശോധന നടത്തിയത്. ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഖാനോട് ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും അതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നുമാണ് ഏജൻസി കോടതിയെ അറിയിച്ചത്.
Also Read:ബിജെപിയ്‌ക്ക് എഎപി നേതാക്കളെ ജയിലിലടയ്‌ക്കണം; ലക്ഷ്യം തെരഞ്ഞെടുപ്പ് സമയത്ത് അവരുണ്ടാകില്ലെന്ന് ഉറപ്പാക്കലെന്നും ഡല്‍ഹി മന്ത്രി